
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, യുഎസ് ലോകത്ത് ഭീകരതയും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ലേഖനത്തിലെ വിമർശനം. വ്യാപര യുദ്ധവും, തീരുവയും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെട്ട്, അവയെ ദുർബലപ്പെടുത്താനുള്ള യുഎസിൻ്റെ പുതിയ ആയുധങ്ങളാണെന്നും ആർഎസ്എസ് പറയുന്നു.
ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ലേഖനം. "ലോകം പ്രക്ഷുബ്ധമാണ്. സ്വതന്ത്ര, ജനാധിപത്യ ലിബറൽ ഘടനയെക്കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും വഞ്ചനാപരമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ, യുഎസ് കുത്തകയാക്കി വെച്ചിരിക്കുന്ന, ലോകക്രമം തകർന്നുകൊണ്ടിരിക്കുകയാണ്," ലേഖനത്തിൽ പറയുന്നു.
ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം, ലിബറൽ ലോകക്രമം എന്നെന്നേക്കുമായി വിജയിച്ചുവെന്നും, ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ വ്യാപിച്ചുവെന്നുമായിരുന്നു നമ്മുടെ അനുമാനം. എന്നാൽ ഇന്നതെ സ്ഥിതി ഈ അനുമാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. അമേരിക്കൻ ഏകധ്രുവ ലോകമെന്ന അധഃപതനത്തിലേക്ക് നീങ്ങുകയാണ്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തവും കാര്യക്ഷമവുമല്ലെന്ന് തെളിയിക്കപ്പെടുകയാണെന്നും ലേഖനത്തിൽ പരാമർശിക്കുന്നു.
"വ്യാപാര യുദ്ധങ്ങൾ, അനാവശ്യമായ താരിഫുകൾ, ഉപരോധങ്ങൾ, ഭരണമാറ്റ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് നമ്മൾ. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വയം പ്രഖ്യാപിത മിശിഹയായ യുഎസ്, ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണ്," ആർഎസ്എസ് രൂക്ഷവിമർശനം ഉന്നയിച്ചു.
റഷ്യയിൽ നിന്നും എണ്ണ വാങ്ങൽ തുടരുന്നതിനുള്ള പിഴയായാണ് ഓഗസ്റ്റ് 6 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയത്. ട്രംപ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് നിരക്കിന് പുറമേയാണ് ഈ തീരുവ.
ബഹുധ്രുവ ലോകത്ത് ഒരു രാജ്യത്തും മറ്റൊരു രാജ്യത്തിന് വ്യാപാര നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് ആർഎസ്‌എസ് സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരൺ മഞ്ച് പറഞ്ഞപ്പോഴും, ആർഎസ്‌എസ് ഇതുവരെ മൗനം പാലിക്കുകയായിരുന്നു.യുഎസ് ബന്ധം ശക്തിപ്പെടുത്താൻ കേന്ദ്രവും പ്രധാനമന്ത്രിയും ശ്രമിക്കുന്നതിനിടെയാണ് ആർഎസ്എസ് മുഖപത്രം രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.