

കാര്‍വാര്‍: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഘടിപ്പിച്ച കടല്‍കാക്കയെ കര്‍ണാടക തീരത്ത് കണ്ടെത്തി. ഉത്തര കന്നഡയിലെ കാര്‍വാര്‍ തീരപ്രദേശത്താണ് പരിക്കേറ്റ നിലയില്‍ കടല്‍കാക്കയെ കണ്ടെത്തിയത്. ദേഹത്ത് ഘടിപ്പിച്ച ജിപിഎസ് ട്രാക്കര്‍ ഘടിപ്പിച്ചതു കണ്ടാണ് പ്രദേശവാസികള്‍ പക്ഷിയെ ശ്രദ്ധിച്ചത്.
ചൊവ്വാഴ്ച കാര്‍വാര്‍ രബീന്ദ്രനാഥ ടാഗോര്‍ ബീച്ച് പൊലീസ് പിടികൂടിയ കടല്‍കാക്കയെ വനംവകുപ്പിന്് കൈമാറി. പരിക്കേറ്റ പക്ഷിക്ക് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തും.
ദേഹത്ത് ജിപിഎസ് ട്രാക്കര്‍ കെട്ടിവെച്ച നിലയിലാണ്. ചെറിയ സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രോണിക് യൂണിറ്റുമുണ്ട്. ഇതിന്റെ കൂടെ ഒരു ഇ-മെയില്‍ അഡ്രസും കൂടെ ഒരു കുറിപ്പും കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ഈ പക്ഷിയെ കണ്ടെത്തുകയാണെങ്കില്‍ തന്നിരിക്കുന്ന മെയില്‍ ഐഡിയിലൂടെ അറിയിക്കണമെന്നാണ് കുറിപ്പിലെ അഭ്യര്‍ത്ഥന.
ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ നിന്നുള്ള മെയില്‍ ഐഡിയാണ് ഇതെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്. പരിസ്ഥിതി ശാസ്ത്ര ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നാണ് കണ്ടെത്തല്‍. നല്‍കിയിരിക്കുന്ന ഇ-മെയില്‍ ഐഡിയിലൂടെ കൂടുതല്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ തീരുമാനം.
ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്നു പക്ഷി എന്നതുള്‍പ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ദീപന്‍ എംഎന്‍ പറഞ്ഞു.