ജമ്മു കശ്മീർ: കുൽഗാം ജില്ലയിൽ സൈന്യം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. അഖൽ വനമേഖലയിലുണ്ടായ വെടിവെപ്പിലാണ് ഭീകരനെ സൈന്യം വധിച്ചത്. രാത്രി മുഴുവൻ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നതായും വെടിവെപ്പ് ഉണ്ടായിരുന്നതായും എക്‌സിലെ ഒരു പോസ്റ്റിൽ ആർമിയുടെ ചിനാർ കോർപ്‌സ് അറിയിച്ചു.
ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. ഓപ്പറേഷൻ അഖൽ എന്ന് പേരിട്ട സൈനിക നീക്കം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
ഈ ആഴ്ച ജമ്മു കശ്മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരർ ഉൾപ്പെടെ ആറ് ഭീകരർ ഈ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു.