ഹിമാചൽ പ്രദേശിൽ ആശങ്ക പടർത്തി ഭൂചലനങ്ങൾ; വിവിധ ഇടങ്ങളിലായി റിപ്പോർട്ട് ചെയ്തത് നാലെണ്ണം

ഇന്നലെ രാത്രി 10 മണിക്ക് റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശക്തമായത്
ഹിമാചൽ പ്രദേശിൽ ആശങ്ക പടർത്തി ഭൂചലനങ്ങൾ; വിവിധ ഇടങ്ങളിലായി റിപ്പോർട്ട് ചെയ്തത് നാലെണ്ണം
Published on
Updated on

ഷിംല: ഹിമാചൽ പ്രദേശി‌ൽ ആശങ്ക പടർത്തി ഭൂചലനങ്ങളുടെ പരമ്പര. ഇന്നലെ രാത്രി മുതൽ വിവിധ ഇടങ്ങളിലായി നാല് ഭൂചലനങ്ങളാണ് ഉണ്ടായത്. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ രാത്രി 10 മണിക്ക് റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശക്തമായത്. തുടർന്ന് അർധരാത്രിയിലും ഇന്ന് രാവിലെയും ഭൂചലനം അനുഭവപ്പെട്ടു. തുടർച്ചയായ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികളോട് ജാഗ്രത പുലർത്താൻ അധികൃതർ നിർദേശം നൽകി.

വെള്ളിയാഴ്ച രാത്രി 10:04ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ധർമശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവസ്ഥാനം. ധർമശാല, ഷിംല, ചമ്പ തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്കാണ് ഭൂചലനം വ്യക്തമായി അനുഭവപ്പെട്ടത്.

കാങ്ഗ്ര, ചമ്പ എന്നീ ജില്ലകൾ ഇന്ത്യയിലെ അതിതീവ്ര ഭൂകമ്പസാധ്യതയുള്ള 'സീസ്‌മിക് സോൺ 5' പരിധിയിലാണ് ഉൾപ്പെടുന്നത്. രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യത മേഖലകളിൽ ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ളതാണ് സോൺ 5. ഹിമാചൽ പ്രദേശിലെ ചമ്പ, ലാഹൗൾ-സ്പിതി, കിന്നൗർ, കാങ്ഗ്ര എന്നീ ജില്ലകൾ പൂർണമായും സോൺ 5ൽ ഉൾപ്പെടുന്നതാണ്. കൂടാതെ ഷിംലയുടെ ചില ഭാഗങ്ങളും ഉയർന്ന ഭൂകമ്പസാധ്യതയുള്ളതാണ്. കുളു, മാണ്ഡി, ബിലാസ്പുർ, ഹമിർപുർ, സോളൻ, ഉന എന്നീ ജില്ലകൾ സോൺ 4 പരിധിയിലാണ് വരുന്നത്.

ഹിമാചൽ പ്രദേശിൽ ആശങ്ക പടർത്തി ഭൂചലനങ്ങൾ; വിവിധ ഇടങ്ങളിലായി റിപ്പോർട്ട് ചെയ്തത് നാലെണ്ണം
ലണ്ടനിലെ പരിപാടിക്കിടെയും ചർച്ചയായി 'പാറ്റ' പരാമർശം, പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ്; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ട്. ഭൂചലനത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നാണ് ധർമശാലയിലെ താമസക്കാർ പറയുന്നത്. ഭൂചലനത്തിൽ ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

News Malayalam 24x7
newsmalayalam.com