ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ പ്രശംസിച്ചുകൊണ്ട് ശശി തരൂർ എംപി നടത്തിയ പരാമർശം കോൺഗ്രസിനുള്ളിൽ വിവാദങ്ങൾക്ക് വഴിവച്ചു. തരൂരിൻ്റെ പ്രതിരണം കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരേയും അസ്വസ്ഥരാക്കിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബിജെപി ഗാന്ധി കുടുംബത്തെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുമ്പോൾ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ ഇത്തരം പരാമർശങ്ങൾ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
കോൺഗ്രസിൻ്റെ മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേര തരൂരിന് മറുപടിയുമായെത്തി. "എല്ലാ തവണത്തേയും പോലെ ശശി തരൂർ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. അദ്വാനിയെ കുറിച്ചുള്ള ഏറ്റവും പുതിയ പ്രസ്താവനയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണമായും തള്ളുന്നു," പവൻ ഖേര പറഞ്ഞു.
ഈ രാജ്യത്ത് വെറുപ്പിൻ്റെ വ്യാളി വിത്തുകൾ അഴിച്ചുവിടുന്നത് പൊതുസേവനമല്ല എന്ന് സുപ്രീം കോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. "രഥയാത്ര ഒരു ഒറ്റ സംഭവമല്ലായിരുന്നു. അത് രാജ്യത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങളെ മറിച്ചിടാനുള്ള ദീർഘയാത്രയായിരുന്നു. അതാണ് 2002നും 2014നും അതിന് ശേഷം ഉണ്ടായ സംഭവങ്ങൾക്ക് വേദി ഒരുക്കിയത്," ഹെഗ്ഡെ മറുപടി നൽകി.
കഴിഞ്ഞ ദിവസം അദ്വാനിയുടെ പിറന്നാളിനാണ് ശശി തരൂർ എംപി എക്സ് പോസ്റ്റ് പങ്കുവച്ചത്. "ആദരണീയനായ എൽ.കെ. അദ്വാനിക്ക് 98ാം ജന്മദിനാശംസകൾ! പൊതുസേവനത്തോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർഥ രാഷ്ട്രതന്ത്രജ്ഞൻ," ശശി തരൂർ പറഞ്ഞു. ജവഹർലാൽ നെഹ്റുവിനെയും ഇന്ദിരാ ഗാന്ധിയെയും പോലെ തന്നെയാണ് അദ്വാനിയും. അദ്ദേഹത്തിൻ്റെ പതിറ്റാണ്ടുകളുടെ സേവനത്തെ ഒരൊറ്റെ സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ലെന്ന് ശശി തരൂർ എക്സിൽ കുറിച്ചു.
“അവരുടെ ദീർഘകാല സേവനങ്ങളെ, എത്രയും പ്രധാനപ്പെട്ടതായാലും, ഒരു സംഭവത്തിലേക്ക് ചുരുക്കുന്നത് നീതിയല്ല. നെഹ്റൂജിയുടെ ജീവിതം ചൈനയുമായുണ്ടായ പരാജയത്തിലൂടെ മാത്രം നിർവചിക്കാൻ ആകില്ലാത്തതു പോലെ, ഇന്ദിരാ ഗാന്ധിയുടെ ജീവിതവും അടിയന്തരാവസ്ഥയിലൂടെ മാത്രം വിലയിരുത്താൻ പാടില്ല. അതേ നീതിയാണ് അദ്വാനിജിയോടും കാണിക്കേണ്ടത്”, എന്ന് ശശി തരൂർ വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്.