

ഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിലെ എംപിമാരെ വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നതായി ആരോപണം. 15 കോടിയും സ്വകാര്യ ജെറ്റുമാണ് എംപിമാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന ആരോപണവുമായി ഉദ്ധവിൻ്റെ വിശ്വസ്തനായ സഞ്ജയ് റൗട്ട് എംപി രംഗത്തെത്തി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ആറ് എംപിമാർ കൂറുമാറാൻ സാധ്യതയുണ്ടെന്നാണ് വിവരം.
എന്നാൽ പാർട്ടിക്ക് പ്രതിസന്ധിയില്ലെന്നാണ് റൗട്ടിൻ്റെ വാദം. എംപിമാരുടെ പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുന്നുണ്ടെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു. അതേസമയം പാർട്ടി വിടാൻ ഒരുങ്ങുന്ന എംപിമാർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെയുടെ ശിവസേന. ഇതിനായി എംപിമാരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കാത്ത എംപിമാർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.
താക്കറെ വിഭാഗത്തിൽ നിന്നുള്ള ആറ് എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിംബാൽക്കർ, ഭൗസാഹെബ് വാക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരാണ് എംപിമാർ. കൂടാതെ, രാജഭാവു വാജെയും ആറ് എംപിമാരോടൊപ്പം ചേരുമെന്നും അഭ്യൂഹമുണ്ട്.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ വിമത എംപിമാരെ എൻഡിഎ പാളയത്തിൽ എത്തിക്കാനാണ് ഷിൻഡെ പക്ഷം ശ്രമിക്കുന്നത്. പിളർത്തൽ ഭീഷണിക്കിടെ നാല് ഉദ്ധവ് പക്ഷ എംപിമാർ ഡൽഹിയിൽ എത്തിയിട്ടുണ്ട്. പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. എംപിമാർ പിന്നീട് ഷിൻഡെ സേനയിൽ ലയിക്കാനും സാധ്യതയുണ്ട്.