പൂനെ: ബിജെപിയുടെ അടുത്ത ദേശീയ പ്രസിഡന്റാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മഹാഭാരതത്തിലെ ഭാഗം പരാമർശിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചതിന് ശേഷം ചൗഹാൻ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് എന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിൽ നിന്ന് ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമർഥമായി ഉത്തരം പറയുകയായിരുന്നു. അതിനിടെയാണ് മഹാഭാരതത്തിൽ അർജുനനുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്.
ഗ്വാളിയോറിൽ നടന്ന പരിപാടിയിലാണ് ബിജെപിയുടെ അടുത്ത ദേശീയ പ്രസിഡന്റാകാനുള്ള സാധ്യതയെക്കുറിച്ച് ചോദ്യം ഉയർന്നത്. "ഞാൻ കൃഷിമന്ത്രിയാണ്, എന്റെ ഏക ഭക്തി കർഷകരോടുള്ളതാണ്," എന്നായിരുന്നു കേന്ദ്ര കൃഷി- ഗ്രാമവികസന മന്ത്രിയുടെ മറുപടി.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ, കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചത്. 45 മിനിറ്റോളം നീണ്ടുനിന്ന ഇരുവരുടേയും കൂടിക്കാഴ്ചയാണ് ബിജെപിയുടെ തലപ്പത്തേക്ക് ചൗഹാൻ എത്തുമെന്ന തരത്തിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.
തനിക്ക് നിലവിലുള്ള റോളിനപ്പുറം ചിന്തിച്ചിട്ടില്ലെന്ന് ചൗഹാൻ പറഞ്ഞു. പിന്നീട് മഹാഭാരതത്തിലെ ഒരു ഭാഗം കൂടി പരാമർശിച്ചാണ് മറുപടി പൂർത്തിയാക്കിയത്. "പ്രധാനമന്ത്രി എന്നെ കൃഷി, ഗ്രാമവികസന മന്ത്രാലയം ഏൽപ്പിച്ചിരിക്കുന്നു. എന്റെ ശരീരത്തിലെ ഓരോ അണുവിലും കൃഷി പ്രവർത്തിക്കുന്നു. ഓരോ ശ്വാസത്തിലും കർഷകരാണ് ഉള്ളത്. അർജുനന് പക്ഷിയുടെ കണ്ണെന്ന പോലെ പോലെ, എന്റെ ഏക ലക്ഷ്യം ഉൽപ്പാദനം വർധിപ്പിക്കുക, ഗ്രാമപ്രദേശങ്ങൾ വികസിപ്പിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ്," മന്ത്രി പറഞ്ഞു.