ഇന്ത്യൻ ബഹിരാകാശസഞ്ചാരി ശുഭാൻഷു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ യാത്ര പുതുയുഗത്തിൻ്റെ തുടക്കമാണ്. 140 കോടി ഇന്ത്യക്കാരുടെ വികാരം താങ്കളുമായി പങ്കുവെയ്‌ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും തൻ്റെ യാത്ര ഇന്ത്യക്കാർക്ക് വേണ്ടി ഉള്ളതാണെന്നും ശുഭാൻഷു പറഞ്ഞു. കൂടെയുള്ളവർക്ക് ഹൽവ നൽകിയെന്നും സഹയാത്രികരുമായി ഇന്ത്യൻ ഭക്ഷണം പങ്കുവെച്ചുവെന്നും സംഭാഷണ വേളയിൽ ശുഭാൻഷു ശുക്ല പറഞ്ഞു. ബഹിരാകാശത്ത് താൻ സുരക്ഷിതനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ചരിത്രനേട്ടമാണെന്നും, 140 കോടി ഇന്ത്യക്കാരുടെ മനസിൽ ശുഭാൻഷു ഉണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യൻ ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നൽകിയതിൽ നന്ദിയെന്നും, ഇത് എൻ്റെ യാത്ര മാത്രമല്ല, മുഴുവൻ ഇന്ത്യക്കാരുടെയും യാത്ര ആണെന്നും ശുഭാൻഷു വ്യക്തമാക്കി.
ജൂൺ 26 ന് ഇന്ത്യൻ സമയം വൈകിട്ട് 3.59നാണ് സ്പേസ് ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തൊട്ടടുത്തെത്തിയത്. അഞ്ച് മീറ്റർ മാത്രം അകലെയായി നിലയുറപ്പിച്ച ശേഷം നിയന്ത്രിത വേഗത്തിലാണ് ഡ്രാഗൺ സ്പേസ്ക്രാഫ്റ്റിൻ്റെ മുന്നോട്ടുനീങ്ങിയത്. ഇന്ത്യൻ സമയം വൈകീട്ട് 4.01ന് ഡോക്കിങ് പ്രകിയ പൂർത്തിയായി. ഇതോടെ ബഹിരാകാശ പേടകം ഡ്രാഗൺ സ്പേസ്ക്രാഫ്റ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധം സ്ഥാപിച്ചു.
ബഹിരാകാശത്ത് ചുവടുവെക്കാന്‍ ഒരു കുഞ്ഞിനെ പോലെ താന്‍ പഠിക്കുകയാണെന്നാണ് എന്നായിരുന്നു ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം. 'ബഹിരാകാശത്തു നിന്നും നമസ്‌കാരം!' എന്ന് പറഞ്ഞാണ് ഇന്ത്യയുടെ അഭിമാനമായ ശുഭാംശു തുടങ്ങിയത്. 41 ആണ്ടിന് ശേഷമാണ് ഒരു ഇന്ത്യാക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത്.