

കേരളത്തിന്റെ സ്വപ്നപദ്ധതികളായി വിശേഷിപ്പിച്ചിരുന്ന അതിവേഗ റെയില്‍, സില്‍വര്‍ ലൈന്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നിവയ്ക്ക് കേന്ദ്രത്തിന്റെ റെഡ് സിഗ്‌നല്‍. അതിവേഗ റെയിൽ, സിൽവർ ലൈൻ, കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി പദ്ധതികള്‍ ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. മൂന്ന്, നാല് റെയില്‍ പാതയുടെ വികസനത്തിന് മാത്രമാണ് നിലവിൽ മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവാണ് ജോൺ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിന് ജോൺ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണ് അതിവേഗ റെയില്‍ നഷ്ടമായതെന്ന് ബ്രിട്ടാസ് പ്രതികരിച്ചു. ആരോപണങ്ങള്‍ തള്ളിയ വി.കെ. ശ്രീകണ്ഠന്‍ എംപി ബ്രിട്ടാസുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും അറിയിച്ചു.
കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതികളായ സില്‍വര്‍ ലൈനും, തിരുവനന്തപുരം–കണ്ണൂര്‍ ഹൈസ്പീഡ് റെയിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഉപേക്ഷിച്ചെന്നാണ് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച തിരുവനന്തപുരം -കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർദേശം നിലവിലുള്ള രൂപത്തിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അറിയിച്ചിരുന്നു. പദ്ധതി നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ തള്ളിയ സ്ഥിതിക്ക് കേന്ദ്രം അതുമായി മുന്നോട്ടുപോകുന്നില്ല. കേരളത്തിലെ റെയില്‍വെ വികസനത്തിന് മുന്‍നിശ്ചയിച്ച മറ്റു പദ്ധതികളുണ്ടെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
റെയിൽവേക്ക് നിലവിൽ പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം തള്ളിയത്. നിലവിൽ റെയിൽവേക്ക് കീഴിലുള്ള കോച്ച് നിർമാണ യൂണിറ്റുകൾ രാജ്യത്തെ ഇപ്പോഴത്തെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. കഞ്ചിക്കോട്ടെ 228 ഏക്കർ ഭൂമി ഇന്ത്യൻ റെയിൽവേയുടെ ഭാവി വികസനങ്ങൾക്കായി മാറ്റിവെച്ചതായും റെയില്‍ മന്ത്രി അറിയിച്ചു. 39.80 കോടി രൂപ ചെലവഴിച്ചാണ് കഞ്ചിക്കോട് 228 ഏക്കര്‍ ഏറ്റെടുത്തത്.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണമാണ് അതിവേഗ റെയില്‍ നഷ്ടമായതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പ്രതികരിച്ചു. ഇത്തരത്തിലുള്ള ഒരു പദ്ധതിയും കേരളത്തിന് ലഭിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി വ്യക്തമാക്കിയത്. ഇ. ശ്രീധരൻ്റെ പ്രൊപ്പോസൽ തള്ളാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ വിദഗ്ദ സമിതി രൂപീകരിച്ചു. ശ്രീധരൻ്റെ പദ്ധതി പഠിക്കണമെന്ന് കേന്ദ്രം പറഞ്ഞതാണ്. നിര്‍ദേശം സംസ്ഥാന സർക്കാർ തള്ളിയതോടെ കേന്ദ്രവും കയ്യൊഴിഞ്ഞു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പദ്ധതിയും സംസ്ഥാനം എതിർത്തത് കേന്ദ്രത്തിന് കൂടുതൽ സൗകര്യപ്രദമായി. പാലക്കാട് കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണ്. ആദ്യം പാലക്കാടിന് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു. ലാലു പ്രസാദ് യാദവ് റെയിൽ മന്ത്രി ആയിരുന്നപ്പോൾ തുക വകയിരുത്തി. എന്നാല്‍ യുപിഎ സർക്കാർ അധികാരത്തിൽ ഉണ്ടായപ്പോൾ ഒന്നും ചെയ്തില്ലെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
അതേസമയം, ആരോപണങ്ങള്‍ തള്ളിയ വി.കെ. ശ്രീകണ്ഠന്‍ എംപി ജോണ്‍ ബ്രിട്ടാസുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്നും വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത് കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. യുപിഎ സര്‍ക്കാര്‍ തുക അനുവദിച്ചു. എന്നാല്‍ പിന്നീടു വന്ന ബിജെപി സര്‍ക്കാരും, കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും ഒരു ഇടപെലും നടത്തിയില്ല. ഇക്കാര്യത്തില്‍ ജോൺ ബ്രിട്ടാസിന് അജ്ഞതയുണ്ട്. 2022ലും പദ്ധതി ഉപേക്ഷിച്ചു എന്ന് കേന്ദ്രം സഭയിൽ മറുപടി നൽകിയിരുന്നു. പദ്ധതി പ്രായോഗികമല്ല എന്ന മറുപടിയാണ് നേരത്തെയും ലഭിച്ചിട്ടുള്ളത്. കോച്ച് ഫാക്ടറിയാക്കിയില്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാൻ താൻ പല തവണ ഇടപെട്ടു. കോച്ച് ഫാക്ടറിക്കുവേണ്ടി പിണറായി വിജയൻ എന്ത് ചെയ്തു എന്ന് പറയണം. കഞ്ചിക്കോട് സ്ഥലം എയിംസിനുള്ള നിര്‍ദിഷ്ട പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ നൽകിയ 10 സ്ഥലങ്ങളിൽ ഒന്നായി ഉൾപ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട് കോച്ച് ഫാക്ടറി നടക്കില്ല എന്ന് നേരത്തെ തന്നെ കേന്ദ്ര തീരുമാനം വന്നതു കൊണ്ടായിരുന്നു അത്തരമൊരു നീക്കം. ജോൺ ബ്രിട്ടാസ് നുണ പറഞ്ഞ്, തെറ്റിദ്ധരിപ്പിക്കുന്നു.പുതിയ അതിവേഗ പദ്ധതി എന്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുമെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.