അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഉന്നതതല സമിതി, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചുമതല

രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ മൂന്നാം ദിവസമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് നീക്കിയത്.
Ahmadabad Plane crash
Ahmadabad Plane crashSource; News Malayalam 24X7
Published on

അഹമ്മദാബാദ് വിമാനാപകടത്തിൽ സമഗ്ര അന്വേഷണത്തിന് ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ . കേന്ദ്ര ആഭ്യന്തര സെക്രട്ടറി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം . അപകടത്തിന് ശേഷമുള്ള സ്ഥിതഗതികൾ വിലയിരുത്താൻ കേന്ദ്ര വ്യോമയാന മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അപകടത്തിൽ മരണസംഖ്യ 279 ആയി. കൊല്ലപ്പെട്ട എല്ലാവര്‍ക്കും ഒരുകോടി രൂപ നല്‍കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.

രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ മൂന്നാം ദിവസമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് നീക്കിയത്. ക്രെയിൻ ഉപയോഗിച്ചായിരുന്നു ശ്രമകരമായ ദൗത്യം . കെട്ടിടാവശിഷ്ടങ്ങൾക്കയിൽ എൻഡിആർഎഫിന്റെ പരിശോധന തുടരുകയാണ്. ദുരന്ത സ്ഥലത്ത് നിന്ന് കൂടുതൽ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെടത്തു.

ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർത്ഥികളുടേയും പ്രദേശവാസികളുടെയും എണ്ണം ഇനിയും കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും അപകട സ്ഥലത്തുണ്ട് .

കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് അപകടത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ സമഗ്ര അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിയെ ചുമതലപ്പെടുത്തി .

Ahmadabad Plane crash
എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങള്‍ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കണം; ഉത്തരവിട്ട് ഡിജിസിഎ

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ബ്ലാക് ബോക്സിന്റെ വിശദമായ പരിശോധനയിലൂടെ അപകടത്തിന്റെ കാരണം ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ബോയിങ് 787 വിമാനങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര മന്ത്രി റാം മോഹൻ നായിഡു നിർദേശിച്ചു .

കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെങ്ങും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലും നിലവിളികളുമാണ്. മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ സാമ്പിളുകൾ നൽകി കാത്തിരിക്കുകയാണ് പ്രിയപ്പെട്ടവർ. ഡിഎൻഎ പരിശോധനകള്‍ക്ക് ശേഷമേ മരിച്ചവരുടെ എണ്ണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

അതിനിടെ വിമാന ദുരന്തത്തിൽ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡോക്ടർമാർ ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഇരകൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നാണ് ആവശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com