

ശ്രീകാകുളം: ആന്ധ്രാ പ്രദേശില്‍ ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം. 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില ഗുരുതരമാണ്.
ഏകാദശിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ നടത്തിയ പരിപാടിയിലേക്കാണ് ആളുകളെത്തിയത്. ആളുകള്‍ തിങ്ങി നിറഞ്ഞതോടെ വലിയ അപകടം സംഭവിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് കസിബുഗ്ഗ പൊലീസ് പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി.
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി. മരണങ്ങള്‍ ഹൃദയ ഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.
"ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലുണ്ടായ അപകടം വലിയ ഞെട്ടലുണ്ടാക്കി. വിശ്വാസികളുടെ മരണം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബത്തോട് ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.