ഒഡീഷയിൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. അവയവങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ബുബനേശ്വർ എയിംസ് അധികൃതർ അറിയിച്ചു. 90% പൊള്ളലേറ്റ നിലയിലാണ് വിദ്യാർഥിനിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഫാകീർ മോഹൻ കോളേജിലെ ബി.എഡ്. വകുപ്പ് മേധാവി നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതിൽ മനം നൊന്താണ് 20കാരി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വഴങ്ങിയില്ലെങ്കിൽ ഭാവി നശിപ്പിക്കുമെന്നായിരുന്നു അധ്യാപകൻ്റെ ഭീഷണി. ഒഡീഷയിലെ ബാലസോറിൽ വകുപ്പ് മേധാവിയുടെ മാനസിക പീഡനത്തെ തുടർന്ന് ഇന്നലെയാണ് കോളേജ് വിദ്യാർഥി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഡിപ്പാർട്ട്മെന്റ് മേധാവിയായ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ചെയർപേഴ്സൺ വിജയ രഹത്കർ ഡിജിപിക്ക് നൽകിയ നിർദേശം. കേസിൽ നീതിയുക്തമായ അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോളേജ് പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തിരുന്നു. അധ്യാപകനെതിരെ പല തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും കോളേജ് അധികൃതരെടുത്തിരുന്നില്ല.
ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ ഭാവി നശിപ്പിക്കുമെന്നായിരുന്നു വകുപ്പ് മേധാവിയുടെ ഭീഷണി. ഇന്നലെ കോളേജിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധവുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെയാണ് വിദ്യാർഥി പ്രിൻസിപ്പാളിൻ്റെ മുന്നിലെത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. തീപിടിച്ച യുവതി കോളജ് വരാന്തയിലേക്ക് ഓടുന്നതാണ് ദൃശ്യങ്ങളിൽ. രക്ഷിക്കാനെത്തിയ മറ്റൊരാളുടെ ദേഹത്തേക്കും തീ പടരുന്നത് കാണാം.