

ബാരാമതിയിൽ ഇന്നലെ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ ക്യാപ്റ്റനായ സുമിത് കപൂറും ഉണ്ടായിരുന്നു. അപകടം നടന്ന ദിവസം ആ വിമാനം പറത്തേണ്ടിയിരുന്നത് മറ്റൊരു പൈലറ്റായിരുന്നുവെന്ന് പറയുകയാണ് സുമിതിൻ്റെ സുഹൃത്തുക്കൾ. വിമാനം പറത്താനായി നിശ്ചയിച്ചിരുന്ന പൈലറ്റ് ഗതാഗതക്കുരുക്കിൽ പെട്ടതിനെ തുടർന്നാണ് ചുമതല സുമിതിൽ വന്നു ചേർന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രം ഹോങ്കോങ്ങിൽ നിന്ന് മടങ്ങിയെത്തിയ കപൂറിന് അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് വിമാനം പറത്തുവാനുള്ള ഉത്തരവ് ലഭിച്ചത്.
തെരഞ്ഞെടുപ്പ് റാലികൾക്കായി രാവിലെ 8 മണിയോടെയാണ് ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ച്വേഴ്‌സ് നടത്തുന്ന ലിയർജെറ്റ് 45 വിമാനത്തിൽ പവാറും മറ്റ് മൂന്ന് പേരും യാത്ര തിരിച്ചത്. ബാരാമതി എയർപോർട്ടിൽ ഇറങ്ങാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയായിരുന്നു 8:45 ഓടെ അപകടം നടന്നത്. കപൂർ, സഹപൈലറ്റ് ക്യാപ്റ്റൻ സംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡൻ്റ് പിങ്കി മാലി, പവാറിൻ്റെ സുരക്ഷാ ജീവനക്കാരൻ വിദിപ് ജാദവ് എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽ മരിച്ചു.
മോശം ദൃശ്യപരതയ്ക്കിടയിൽ ലാൻഡ് ചെയ്യുന്നതിനിടെ പൈലറ്റിന് പിഴവ് സംഭവിച്ചതാകാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചത്. എന്നാൽ, കപൂർ പരിചയ സമ്പന്നനായ പൈലറ്റാണെന്നും അദ്ദേഹത്തിന് തെറ്റ് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ അവകാശപ്പെട്ടു. അപകടത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണമെന്ന് പൈലറ്റിൻ്റെ സുഹൃത്തുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.