ന്യൂഡൽഹി: ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പുതുക്കിയ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു.
ആധാര്‍ പൗരത്വ രേഖയല്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4) പ്രകാരം ഏതൊരു വ്യക്തിയുടെയും ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള രേഖയാണ് ആധാർ കാർഡ്. ആധാർ സ്വീകരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. വോട്ടർമാർ ഹാജരാക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ കമ്മീഷന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന ഇസിഐയുടെ ഉറപ്പും സുപ്രീം കോടതി രേഖപ്പെടുത്തി.
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള രേഖയായി ആധാർ കാർഡ് ഇസിഐ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും എസ്‌ഐആർ വിജ്ഞാപനത്തിൽ ഇസിഐ വ്യക്തമാക്കിയ പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഹാജരാക്കണമെന്ന വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി ആർജെഡിയും മറ്റ് ഹർജിക്കാരും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
ആധാർ കാർഡ് കൂടി പരിഗണിക്കണമെന്ന് സുപ്രീം കോടതി മൂന്ന് തവണ ഉത്തരവിട്ടിട്ടും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ബൂത്ത് ലെവൽ ഓഫീസർമാരും അത് സ്വീകരിക്കുന്നില്ലെന്നാണ് ആർജെഡിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. ആധാർ കാർഡ് സ്വീകരിക്കാത്ത നിരവധി വോട്ടർമാരുടെ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും സിബൽ പറഞ്ഞു.
ജൂലൈ 10നാണ് കോടതി ആദ്യമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ആധാർ കാർഡും റേഷൻ കാർഡും ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡും പരിഗണിക്കാൻ ഇസിഐയോട് നിർദേശിച്ചത്. ഓഗസ്റ്റ് 22ന്, കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് ആധാർ കാർഡോ മറ്റ് 11 രേഖകളോ സഹിതം ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാമെന്നും കോടതി ഉത്തരവിട്ടു.