തമിഴ്നാട്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ കരൂരിലെ ദുരന്തമുഖത്ത് നെഞ്ചുലയ്ക്കുന്ന കാഴ്ചകളാണ് കാണാനാകുക. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ സംസ്ഥാന പര്യടന റാലിക്കെത്തിയ പലർക്കും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തങ്ങളുടെ ഉറ്റവരെ നഷ്ടമായത്. പല ദൃക്സാക്ഷികളും ഞെട്ടൽ വിട്ടുമാറാതെ ആ ദുരന്തം ഓർത്തെടുക്കുകയാണ്...
വിജയ്‌യെ കാണുന്നതിനായാണ് ഞങ്ങൾ അവിടെ എത്തിയതെന്ന് ദൃക്സാക്ഷിയായ കുമാർ ഓർത്തെടുത്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. "ആർക്കാണ് തെറ്റ് പറ്റിയതെന്ന് ഞങ്ങൾക്ക് പറയാനാകുന്നില്ല. വിജയ് കൃത്യസമയത്ത് എത്തുമെന്ന് കരുതിയാണ് ഞങ്ങൾ കാത്തുനിന്നത്. പലർക്കൊപ്പവും കുട്ടികളുണ്ടായിരുന്നു. വിശപ്പും ദാഹവും മറ്റ് ബുദ്ധമുട്ടുകളും സഹിച്ച് ഞങ്ങൾ കാത്തുനിന്നു. വിജയ്‌യെ കാണാമെന്ന സന്തോഷമായിരുന്നു ഞങ്ങൾക്ക്. ഇപ്പോൾ സംഭവിച്ചത് വളരെ വിഷമകരമായ സംഭവമാണ്," കുമാർ കൂട്ടിച്ചേർത്തു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും പത്തോ പതിനഞ്ചോ ഇരട്ടി ആളുകൾ സ്ഥലത്ത് ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് കരുതുന്നുവെന്നും കുമാർ കൂട്ടിച്ചേർത്തു.
തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് സൗകര്യങ്ങളെത്തിക്കാൻ പോലും സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മറ്റൊരു ദൃക്സാക്ഷി സൂര്യ പറയുന്നു. "ഞങ്ങൾ സഹായത്തിനായി അലമുറയിട്ടു, പക്ഷെ ആർക്കും ഒന്നും ചെയ്യാനായില്ല. ആളുകൾ മേൽക്കുമേൽ വീണു. ശ്വാസം മുട്ടി," നാമക്കൽ സ്വദേശിനിയായ പി. ശിവശങ്കരി പറഞ്ഞു. മകൾ ബോധംകെട്ടു വീണു. അവൾക്ക് കുഴപ്പമില്ലെന്ന് ഞങ്ങൾ കരുതി. പക്ഷേ ഞങ്ങൾ അവളെ വീണ്ടും കണ്ടപ്പോൾ അവൾ പോയിരുന്നുവെന്നും പരിപാടിക്ക് 12കാരിയായ മകളുമായെത്തിയ വിജയ് പറഞ്ഞു.
ദുരന്തത്തിൽ 39 പേരുടെ മരണമാണ് ഇതിനകം സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ 25 പേര്‍ കരൂര്‍ സ്വദേശികളും മൂന്ന് പേര്‍ ഈറോഡ് സ്വദേശികളുമാണ്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.