
ചെന്നൈ: രാജ്യത്തെ കണ്ണീരിലാഴ്ത്തി തമിഴ്‌നാട് കരൂരിലെ ദുരന്തത്തില്‍ മരിച്ച 39 പേരില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ചവരില്‍ പതിനേഴ് സ്ത്രീകളും പതിമൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് റാലിക്കായി ഇന്നലെ ഉച്ചയോടെ കരൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിജയ് എത്തിയത് വൈകിട്ട് 6 മണിക്ക് ശേഷമാണ്. വിജയ് എത്തുമ്പോഴേക്കും ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. കുട്ടികളും ഗര്‍ഭിണികളുമടക്കം നടനെ കാണാന്‍ എത്തിയിരുന്നു.
വിജയ്യുടെ ബസ് കരൂരിലെത്തുമ്പോഴേക്കും റോഡില്‍ സ്ഥലമില്ലാതായി. ജനക്കൂട്ടം ഒന്നാകെ ബസിന് ചുറ്റും തടിച്ച് കൂടി. ചൂടും തിരക്കും കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും നിരവധി പേര്‍ ബോധരഹിതരായി കുഴഞ്ഞ് വീണു. തിരക്കിനിടയില്‍ ഒരു പെണ്‍കുട്ടിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
ആളുകള്‍ കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ് പ്രസംഗം നിര്‍ത്തി, പ്രചാരണ ബസില്‍ നിന്ന് വെള്ളക്കുപ്പികള്‍ താഴേക്ക് എറിഞ്ഞ് കൊടുത്തു. ഈ വെള്ളക്കുപ്പിക്കള്‍ കൈക്കലാക്കാനും ആളുകള്‍ തിരക്കു കൂട്ടിയതും അപകടത്തിന്റെ ആക്കം കൂട്ടി. തിരക്കിനിടയില്‍ നിലത്ത് വീണ ആളുകള്‍ക്ക് മുകളിലൂടെ മറ്റുള്ളവര്‍ കടന്നുപോയത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതോടെ വിജയ് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അറിയിച്ചു.
എന്നാല്‍ ജനക്കൂട്ടം വിജയ്യുടെ ബസിനടുത്ത് തിങ്ങിക്കൂടിയതിനാല്‍ ആംബുലന്‍സുകള്‍ക്ക് അങ്ങോട്ടേക്ക് പ്രവേശിക്കാനും ആളുകളെ ആശുപത്രിയിലെത്തിക്കാനും കഴിയാതായി. തിരക്കിനിടയില്‍പ്പെട്ട് നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധിയാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
റാലിക്ക് ശേഷം കരൂരിലെ തെരുവില്‍ കാണാനായത് നെഞ്ചുലയ്ക്കുന്ന കാഴ്ചകള്‍ മാത്രമാണ്. ആശുപത്രി വരാന്തകളിലെങ്ങും ഉറ്റവരുടെ ചേതനയറ്റ ശരീരത്തിനരികെ ഉള്ളുലഞ്ഞ് പൊട്ടിക്കരയുന്ന ബന്ധുക്കളും.
അപകടത്തില്‍ ടിവികെയുടെ സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴഗൻ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.