

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുൻ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജരിവാൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ആംആദ്മി പാർട്ടി നേതാവ് സ്വാതി മലിവാൾ. കെജ്‌രിവാൾ ഗുണ്ടായിസ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ മാലിവാൾ, അധികാരത്തിലെത്തിയ ശേഷം അദ്ദേഹം കോടികൾ ചെലവഴിച്ച് ഭവനം നിർമിച്ചതായും 'ഷീഷ് മഹൽ' വിവാദത്തെ പരാമർശിച്ചുകൊണ്ട് ആരോപിച്ചു.
2024-ൽ കെജ്‌രിവാളിൻ്റെ വസതിയിൽ വെച്ച് അദ്ദേഹത്തിൻ്റെ പേഴ്‌സണൽ അസിസ്റ്റൻ്റ് ബിബവ് കുമാർ തന്നെ മർദിച്ച സംഭവത്തെ കുറിച്ചും മലിവാൾ പരാമർശിച്ചു. 2006 മുതൽ കെജ്‌രിവാളിനൊപ്പം എല്ലാ പ്രക്ഷോഭങ്ങളെയും പിന്തുണച്ചിട്ടുണ്ടെങ്കിലും,അരവിന്ദ് കെജ്‌രിവാൾ സ്വന്തം വീട്ടിലെ ഗുണ്ടയെക്കൊണ്ട് എന്നെ മർദിച്ചു. അതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഭീഷണിപ്പെടുത്തി, പരാതിയുമായി ബന്ധപ്പെട്ട് നൽകിയ എഫ്‌ഐആർ പിൻവലിക്കാൻ സമ്മർദം ചെലുത്തിയതായും മലിവാൾ പറഞ്ഞു. കൂടാതെ, രണ്ട് വർഷത്തേക്ക് പാർലമെൻ്റിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതായും അവർ ആരോപിച്ചു.കെജ്‌രിവാൾ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് സ്വാതി മാലിവാൾ ഉൾപ്പെടെ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്ന വാർത്ത പുറത്തു വന്നത്.
കെജ്‌രിവാൾ അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ട ആളാണെന്നും സ്വാതി മലിവാൾ ആരോപിച്ചു. എഎപി എംപിമാരെ “രാജ്യദ്രോഹികൾ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് രാജ്യസഭയിൽ നിന്നും പുറത്താക്കിയ നടപടിയെ വിമർശിച്ചു കൊണ്ട് കെജ്‌രിവാളാണ് യഥാർഥ രാജ്യദ്രോഹിയെന്നും സ്വാതി കുറ്റപ്പെടുത്തി. 2011ൽ കീറിയ പാൻ്റ് ധരിച്ച് തകർന്ന കാറിൽ നടന്നിരുന്ന കെജ്‌രിവാൾ അധികാരത്തിലെത്തിയ ശേഷം 100 കോടിയുടെ വീട് നിർമിച്ചതായും സ്വാതി മലിവാൾ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് പരാജയപ്പെട്ടതിനെ തുറന്ന് ആംആദ്മി പാർട്ടി ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് പഞ്ചാബിനെയാണെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.
അതേസമയം, കൂറുമാറ്റ നിരോധന നിയമപ്രകാരം ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്നാവിശ്യപ്പെട്ട്രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് കത്ത് നൽകുമെന്ന് എഎപി വ്യക്തമാക്കി.