

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ പൊലീസിനെയും ഡിഎംകെയും കുറ്റപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. റാലിയിൽ താൻ പൊലീസിനെ വിശ്വാസിച്ചു. എന്നാൽ പൊലീസ് മുന്നറിയിപ്പ് നൽകിയില്ല. തന്നെ തടഞ്ഞില്ല. അതിനാരാണ് സമ്മർദം ചെലുത്തിയത്. മാത്രമല്ല ദുരന്തത്തിന്റെ കുറ്റം മുഴുവൻ അവർ തന്റെ മേൽ ചുമത്തിയെന്നും മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരിൽ പറഞ്ഞു. ഡിഎംകെ സർക്കാരിന്റെ ചതിയാണ് കരൂരിൽ സംഭവിച്ചത്. ദുരന്തത്തെ ഡിഎംകെ ചൂഷണം ചെയ്തു. തനിക്കെതിരായ ആയുധമായി ദുരന്തത്തെ സ്റ്റാലിൻ പ്രയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കൊളത്തൂരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ സ്റ്റാലിന് വിരുന്നൊരുക്കിയെന്നും മുഖ്യമന്ത്രി വിജയ് പരിഹസിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്. തിരുച്ചിറപ്പിള്ളിയിൽ നിന്ന് റോഡ് ഷോ ആയാണ് കരൂരിൽ എത്തിയത്. കരൂരിലെ പൊതുസമ്മേളനത്തിന് ശേഷം ടിവികെയുടെ പ്രചാരണ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ വിജയ് നേരിൽ കാണും. അര്‍ഹരായ 32 കുടുംബാംഗങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്രിത നിയമന ഉത്തരവുകള്‍ വിജയ് നേരിട്ട് കൈമാറും. ദുരന്തത്തില്‍ മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള നീക്കത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് കരൂരിലെത്തിയത്. മുഖ്യമന്ത്രിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ അയ്യായിരം പേർക്കാണ് അനുമതിയുള്ളത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് കരൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ദുരന്തബാധിതര്‍ക്ക് ജോലി നല്‍കുന്നത് സിബിഐ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും കാണിച്ച് ഡിഎംകെ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഭരണകക്ഷിയുടെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടില്ലെന്നും എന്നാൽ നിയമനങ്ങള്‍ താല്‍ക്കാലികമായിരിക്കുമെന്നുമാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിധിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 27ന് നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികളടക്കം 41 പേര്‍ മരിച്ചത്. റാലിയിലെ അശാസ്ത്രീയ ക്രമീകരണങ്ങളാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് മരണങ്ങളെന്നാണ് ടിവികെ നിലപാട്. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.