

കർണാടക: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിച്ചു. വിജയ്, മൂകാംബിക ദേവിക്ക് ജയത്തിന്റെ പ്രതീകമായ വെള്ളിവാൾ സമർപ്പിച്ചു.ഡൽഹിയിൽ നിന്ന് മംഗലാപുരം എയർപോർട്ടിലിറങ്ങിയ ശേഷം റോഡ് മാർഗമാണ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്.
കൊല്ലൂർ മൂകാംബികയിലെത്തുന്ന മൂന്നാമത്തെ തമിഴ്നാട് മുഖ്യമന്ത്രിയാണ് ജോസഫ് വിജയ് . ഇതിനുമുമ്പ് മൂകാംബികയിലെത്തിയ മുഖ്യമന്ത്രിമാർ ജയലളിതയും എംജിആറും ആണ്. ഡൽഹിയിലെ നീതി ആയോഗ് യോഗത്തിൽ പങ്കെടുത്ത ശേഷം വിമാനത്തിൽ മംഗലാപുരത്തെത്തിയ വിജയ്, റോഡ് മാർഗമാണ് ക്ഷേത്രത്തിലെത്തിയത്. നേരത്തെ തീരുമാനിച്ചതിലും അരമണിക്കൂർ വൈകിയാണ് മുഖ്യമന്ത്രിയെത്തിയത്.
ക്ഷേത്ര തന്ത്രി രാമചന്ദ്ര അഡിക, പൂർണ കുംഭം നൽകി വിജയ്-യെ സ്വീകരിച്ചു. മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖരെത്തുമ്പോൾ സ്വീകരിക്കുന്ന ആചാരങ്ങൾ പാലിച്ചാണ് വിജയിയെയും ക്ഷേത്രാധികാരികൾ വരവേറ്റത്. സന്ദർശനത്തിനിടെ വിജയ് മൂകാംബികാ ദേവിക്ക് വെള്ളിവാൾ സമർപ്പിച്ചു. വെള്ളിവാൾ എല്ലാ ദിവസവും ദേവീവിഗ്രഹത്തിന് മുന്നിൽ വയ്ക്കണമെന്നും വിജയ് ക്ഷേത്ര തന്ത്രിയോട് അഭ്യർത്ഥിച്ചു.
മൂകാംബികാ ദേവിക്ക് ആചാരത്തിന്റെ ഭാഗമായി, ഒരു സംരക്ഷണ രക്ഷ കെട്ടി തേങ്ങ ഉടച്ചു. 20 മിനുട്ട് സമയം ക്ഷേത്രത്തിലെ ആരാധനാചടങ്ങുകളിൽ പങ്കെടുത്ത വിജയ് പിന്നീട് പുറത്തിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തു. തുടർന്ന് വാഹനം സ്വയം ഓടിച്ചാണ് ഔദ്യോഗിക അകമ്പടിയോടെ വിജയ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. മംഗലാപുരത്തുനിന്ന് ചാർട്ട് ചെയ്ത വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് പോയി.