ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. കോട്ടുരാജാ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി അഴഗരാജിനെ പൊലീസ് വെടിവച്ചുകൊന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ വെട്ടുകത്തി ഉപയോഗിച്ച് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. സ്വയം രക്ഷയ്ക്കായി വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടുരാജ എന്നറിയപ്പെടുന്ന അഴകുരാജയെ പൊലീസ് പിടികൂടുന്നതിനിടെയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിരുനെൽവേലി ഭാഗത്ത് ഇയാൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ പൊലീസിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. അരിവാളുപയോഗിച്ചുള്ള ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ ശങ്കറിന് സാരമായി പരിക്കേറ്റെന്നാണ് വിവരം.
ഇതോടെ സ്വയരക്ഷയ്ക്കായി പ്രതിക്ക് നേരെ വെടിയുതിർത്തുവെന്നാണ് പൊലീസ് വിശദീകരണം. അഴകുരാജയുടെ പേരിൽ കൊലപാതകം, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതിലധികം കേസുകൾ നിലവിലുണ്ട്. ഈ മാസം 24 ന് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന കാളി എന്ന ഗുണ്ടാ നേതാവിനെ ലക്ഷ്യമിട്ട് ഇയാൾ പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞിരുന്നു.
അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. വാഹനത്തിന് നേരയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ അഴകുരാജിനെ പിടികൂടാൻ ഒരു പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചിരുന്നു.