

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ ബിപിഒ സെന്റർ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. ലൈംഗിക ചൂഷണം, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതോടെയാണ് നടപടി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് നിർദേശം നൽകി.
ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓഫീസ് താൽക്കാലികമായി അടച്ചിടാൻ കമ്പനി തീരുമാനിച്ചത്. നിലവിൽ ഒമ്പതോളം കേസുകളാണ് ടിസിഎസിന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലാണ് സ്ഥാപനത്തിൽ കേസിനാസ്പദമായ ആരോപണങ്ങളും പരാതികളും ഉയർന്നത്.
കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് ഒരു വനിതാ ജീവനക്കാരി പരാതി നൽകിയിരുന്നു. ലൈംഗിക ചൂഷണത്തോടൊപ്പം മതപരിവർത്തനത്തിനും നിർബന്ധിച്ചതായി ആരോപണവും ഉയർന്നിരുന്നു. കമ്പനിയിലെ എച്ച്ആർ മാനേജർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് എച്ച്ആർ എക്സിക്യൂട്ടീവ് ഉൾപ്പെടെ ഒമ്പതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.