തേജസ്വി യാദവിനെ ക്ഷണിച്ചില്ല; നിതീഷ് സേതുവിൻ്റെ പോസ്റ്ററുകൾ വലിച്ചു കീറി ആർജെഡി പ്രവർത്തകർ

പ്രധാനമന്ത്രി മോദിയും ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും ചേർന്നാണ് പാലം ഉദ്ഘാടനം ചെയ്തത്
തേജസ്വി യാദവിനെ ക്ഷണിച്ചില്ല; നിതീഷ് സേതുവിൻ്റെ പോസ്റ്ററുകൾ വലിച്ചു കീറി ആർജെഡി പ്രവർത്തകർ
Published on: 
Updated on: 

ന്യൂഡൽഹി: ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാ നദിക്ക് കുറുകെ പുതുതായി ഉദ്ഘാടനം ചെയ്ത നിതീഷ് സേതുവിൻ്റെ അനാച്ഛാദന ചടങ്ങിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ വലിച്ചു കീറിയും ഭരണകക്ഷിയുടെ പതാകകൾ നിലത്തിട്ട് ചവിട്ടിയും പ്രതിഷേധിച്ച് ആർജെഡി പ്രവർത്തകർ.

4,280 കോടി രൂപ ചെലവിൽ നിർമിച്ച കേബിൾ സ്റ്റേ പാലം പ്രധാനമന്ത്രി മോദിയും ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം.

സംസ്ഥാന നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സംസ്ഥാന സർക്കാരിലായിരിക്കെ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയെങ്കിലും അദ്ദേഹത്തിന് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് രഘോപൂരിലെ താമസക്കാർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോയിൽ, ആർജെഡി പതാകകളുമായി പ്രവർത്തകർ പാലത്തിന് കുറുകെ മാർച്ച് ചെയ്യുന്നതും, തേജസ്വി യാദവിനെയും ആർജെഡി മേധാവി ലാലു യാദവിനെയും പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്നതും കാണാം.

തേജസ്വി യാദവിനെ ക്ഷണിച്ചില്ല; നിതീഷ് സേതുവിൻ്റെ പോസ്റ്ററുകൾ വലിച്ചു കീറി ആർജെഡി പ്രവർത്തകർ
ആവശ്യപ്പെട്ടത് 13 ലക്ഷത്തിൻ്റെ ബ്രെസ്സ, വധുവിൻ്റെ കുടുംബം ബുക്ക് ചെയ്തത് 9 ലക്ഷത്തിൻ്റെ കാർ; വിവാഹത്തിൽ നിന്ന് പിന്‍മാറി വരൻ

ആറ് വരി കാച്ചി ദർഗ-ബിദുപൂർ പാലത്തിന് മുൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിനെതിരെയും തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. ഒരു പൊതു സ്വത്തിന് ജീവിച്ചിരിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ പേര് നൽകുന്നത് നിതീഷ് കുമാർ രാഷ്ട്രീയ ജീവിതം അവസാനിച്ചതിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, നിതീഷ് കുമാറിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട പൊതുസേവനത്തെയും 2012 ൽ വിശാലമായ അഭിപ്രായ സമന്വയത്തോടെ വിഭാവനം ചെയ്ത ഒരു പദ്ധതിയെയും ആദരിച്ചുകൊണ്ടാണ് ഈ പേര് നൽകിയതെന്ന് മുഖ്യമന്ത്രി ചൗധരി പറഞ്ഞു. എന്നാൽ, വൈശാലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. അതിന് മുമ്പ് പട്‌ന വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

19.7 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയിൽ 9.7 കിലോമീറ്റർ പ്രധാന പാലവും 10 കിലോമീറ്റർ അപ്രോച്ച് റോഡുകളും ഉൾപ്പെടുന്നു. പട്‌നയിലെ ദേശീയപാത 22 ലെ കാച്ചി ദർഗയെയും വൈശാലിയിലെ എൻഎച്ച് 322 ലെ ബിദുപൂരിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പാത.