

ചെന്നൈ: സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. മധുരയിലെ സർക്കാർ രാജാജി ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ 25 കുഞ്ഞുങ്ങൾക്ക് വിജയ് സ്വർണമോതിരം സമ്മാനിക്കും.
ഈ വർഷം ജൂൺ 22-നുശേഷം ജനിച്ച കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാവും നൽകുക. 107 കേന്ദ്രങ്ങൾ വഴി മോതിരങ്ങൾ വിതരണംചെയ്യും.
സർക്കാർ ആശുപത്രിയിലെ പ്രസവം പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ടിവികെ സർക്കാർ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. ഇതോടെ സർക്കാർ ആശുപത്രികളെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ സ്ഥിരം താമസക്കാരായ അമ്മമാരുടെ കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ മോതിരങ്ങളാണ് നൽകുന്നത്. ഇതിനായി 755.83 കോടിരൂപ നീക്കിവെച്ചിട്ടുണ്ട്. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് ആവശ്യമായ മോതിരങ്ങൾ നിർമിച്ച് നൽകുന്നത്.