
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു, സഞ്ജയ് പഗാരെ അഥവാ 'ബാബ' നടത്തിയ ക്രൂരമായ ആചാരങ്ങളാണ് പുറത്ത് വരുന്നത്. ഷിരൂർ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് ഇയാള്‍ രണ്ട് വർഷം നീണ്ട അന്ധവിശ്വാസ പ്രക്രിയകള്‍ നടത്തിക്കൊണ്ടിരുന്നത്.
തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നും, പ്രേതബാധ ഒഴിപ്പിക്കുമെന്നും, വിവാഹിതരാകാത്തവർക്ക് വിവാഹവും, കുട്ടികളില്ലാത്തവർക്ക് 'അഘോരി' ആചാരങ്ങൾ വഴി കുഞ്ഞുങ്ങളുണ്ടാകുമെന്നും ഗ്രാമീണരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഈ പേരിൽ ഇയാള്‍ ചെയ്ത് കൂട്ടിയത് വളരെ ക്രൂരമായ പ്രവൃത്തികളായിരുന്നു.
സ്ത്രീകളെയും പുരുഷന്മാരെയും വടി കൊണ്ട് മർദിക്കുകയും, വായിൽ അവരുടെ സ്വന്തം ചെരുപ്പുകൾ തിരുകി അമ്പലത്തിന് ചുറ്റും പ്രദക്ഷിണം വെയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 'ആത്മീയ ചികിത്സ'യുടെ ഭാഗമായി ഇയാളുടെ മൂത്രം കുടിക്കാൻ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു.
അന്ധവിശ്വാസ വിരുദ്ധ പ്രവർത്തകർ ഒളി ക്യാമറ വെച്ച് നടത്തിയ സ്റ്റിങ് ഓപ്പറേഷൻ വഴിയാണ് ഈ ക്രൂരത പുറത്തായത്. അതിൽ ഒരു വീഡിയോയിൽ, ബാബ ഒരാളുടെ മുഖത്ത് ചവിട്ടി നിൽക്കുന്നതും, പിന്നീട് അയാളുടെ ദേഹത്തേക്ക് മഞ്ഞൾ പൊടി വിതറുന്നതും കാണാം. ഇത് അയാളെ അവശനാക്കുന്നതും മറ്റുള്ളവർ താങ്ങി നിർത്തുന്നതും വീഡിയോയിലുണ്ട്. മറ്റൊരു വീഡിയോയിൽ രോഗശാന്തിക്കായെന്ന പേരിൽ ബാബ സ്ത്രീകളെയും പുരുഷന്മാരെയും നീണ്ട വടികൾ കൊണ്ട് മർദിക്കുന്നതും കാണാം.
അന്ധവിശ്വാസ വിരുദ്ധ പ്രവർത്തകരുടെ പരാതിയിൽ സഞ്ജയ് പഗാരെയുടെ പേരിൽ വഞ്ചന, ആക്രമണം, അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.