
ഹിമാചലിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും ചർച്ചയാകുന്നത്. ജോഡിധാര എന്ന് പ്രാദേശികമായ അറിയപ്പെടുന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം.
വിവാഹം ചർച്ചയാകാന്‍ കാരണം മറ്റൊന്നുമല്ല, രണ്ട് പേരെയാണ് യുവതി ഒരേസമയം ഭർത്താവായി സ്വീകരിച്ചിരിക്കുന്നത്. സിർമൗർ ജില്ലയിലെ ഷില്ലായി ഗ്രാമത്തിൽ ജൂലൈ 12 മുതൽ മൂന്ന് ദിവസം നീണ്ടു നിന്ന ചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്. മറ്റേത് വിവാഹം പോലെ ആഘോഷമായി തന്നെയാണ് ഇതും നടന്നത്.
ഒരു സ്ത്രീ സഹോദരന്മാരായ ഒന്നിലധികം പുരുഷന്മാരെ വിവാഹം ചെയ്യുന്ന ചടങ്ങാണ് ജോഡിധാര. ഹിമാചലിലെ 'ഹട്ടി' ഗോത്ര വിഭാഗത്തിൽ പണ്ട് കാലങ്ങളിൽ സർവ സാധാരണമായി കണ്ട് വന്നിരുന്നതാണെങ്കിലും ഇപ്പോള്‍ ഈ ആചാരം അപൂർവ്വമാണ്.
ബധാന ഗ്രാമത്തിൽ മാത്രമായി കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇത്തരം അഞ്ച് വിവാഹങ്ങളാണ് നടന്നത്. ഒന്നിച്ചെടുത്ത തീരുമാനമാണെന്നും, തങ്ങളുടെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നുവെന്നുമാണ് വധുവും വരന്മാരും പറയുന്നത്. അതേസമയം, വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബഹുഭർതൃത്വ സമ്പ്രദായം പൂർവിക ഭൂമി വിഭജിക്കുന്നത് തടയാൻ സഹായിച്ചെന്നാണ് കേന്ദ്രീയ ഹട്ടി സമിതിയുടെ ജനറൽ സെക്രട്ടറി കുന്ദൻ സിംഗ് ശാസ്ത്രി പറയുന്നത്.