കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അമ്മയെ കയ്യേറ്റം ചെയ്ത് പശ്ചിമ ബംഗാൾ പൊലീസ്. ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട് ഒരു വർഷം തികയുമ്പോഴും നീതി നടപ്പിലാകാത്ത സാഹചര്യത്തിൽ സെക്രട്ടറിയേറ്റായ നബന്നയിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അമ്മയെ പൊലീസ് കയ്യേറ്റം ചെയ്തത്. പൊലീസ് ആക്രമണത്തിൽ തൻ്റെ തലയ്ക്ക് പരിക്ക് പറ്റിയതായും യുവതിയുടെ അമ്മ പ്രതികരിച്ചു.
തൻ്റെ വളകൾ ഉടച്ചുകളഞ്ഞുവെന്നും നീതിക്കായി തങ്ങൾ രക്തമൊഴുക്കുന്നുവെന്നും അവർ പ്രതികരിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ പൊലീസ് തങ്ങളെ പ്രതിഷേധത്തിനിടെ കയ്യേറ്റം ചെയ്തതായി അവർ ആരോപിച്ചു. "ഞങ്ങളെ എന്തിനാണ് ഇത്തരത്തിൽ തടയുന്നത്? ഞങ്ങൾക്ക് ആവശ്യം സെക്രട്ടറിയേറ്റിലെത്തുകയും എന്റെ മകൾക്ക് നീതി തേടുകയുമാണ്," അവർ പറഞ്ഞു. കോടതി അനുമതി ഉണ്ടായിട്ടും തങ്ങൾ മാർച്ചിൽ പങ്കെടുക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചുവെന്ന് ജൂനിയർ ഡോക്ടറുടെ അച്ഛനും ആരോപിച്ചു. സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു.