

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട എയർക്രാഫ്റ്റുകളിലൊന്നാണ് ദുബായ് എയർഷോയിൽ തകർന്നു വീണ തേജസ് യുദ്ധവിമാനം. 2001-ൽ ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയ ശേഷം 24 വർഷത്തിനുള്ളിൽ തേജസിൻ്റെ രണ്ടാം അപകടമാണിത്. രാജസ്ഥാനിൽ ഒരു പരിശീലന പറക്കലിനിടെയായിരുന്നു തേജസിൻ്റെ ആദ്യ അപകടം. എന്നാൽ അന്ന് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതിനാൽ ജീവന് അപകടമില്ലാതെ രക്ഷപ്പെട്ടു. എന്നാൽ ഇത്തവണ പൈലറ്റിന് സ്വയം ഇജക്റ്റ് ചെയ്യാൻ സാധിക്കാതിരുന്നതാണ് ദുരന്തത്തിലേക്ക് വഴിവെച്ചത്.
2024 മാർച്ച് 12നായിരുന്നു തേജസിൻ്റെ ആദ്യ അപകടം. ജയ്സാൽമീറിൽ പരിശീലനത്തിനായി പറന്നുയർന്ന തേജസ് ജെറ്റ് വിമാനം ഉച്ചയ്ക്ക് 2 മണിയോടെ ലക്ഷ്മി ചന്ദ് സൻവാൾ കോളനിക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൻ്റെ മുറ്റത്ത് തകർന്നുവീണു. വലിയ സ്ഫോടനം ഉണ്ടാവുകയും അവശിഷ്ടങ്ങൾ കത്തി നശിക്കുകയും ചെയ്തു. അന്ന്, പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതായും സുരക്ഷിതനായതായും വ്യോമസേന സ്ഥിരീകരിച്ചു.
പിന്നീട് സംഭവത്തിൻ്റെ തന്നെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. ദൃശ്യങ്ങളിൽ വിമാനം തെന്നി നീങ്ങുന്നതും ലാൻഡിംഗ് ഗിയർ തുറന്ന നിലയിൽ തകർന്നുവീഴുന്നതും കാണാമായിരുന്നു. പൈലറ്റ് പാരച്യൂട്ട് തുറന്ന് നിലത്തേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ അപകട കാരണം കണ്ടെത്താൻ ഒരു അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.
ആദ്യത്തെ തേജസ് അപകടം സൈനിക വ്യോമയാന മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരുന്നുവെങ്കിലും നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ (എച്ച്എഎൽ) മുതിർന്ന ഉദ്യോഗസ്ഥൻ ആശങ്ക തള്ളിക്കളയുകയാണുണ്ടായത്.
2016 ൽ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയ ലൈറ്റ് കോംബാറ്റ് വിമാനമായ തേജസ് , 'ഫ്ലയിംഗ് ഡാഗേഴ്‌സ്' എന്നറിയപ്പെടുന്ന നമ്പർ 45 സ്ക്വാഡ്രണാണ് ആദ്യമായി പ്രവർത്തിപ്പിച്ചത്. 2020 ൽ ഇത് പ്രവർത്തിപ്പിക്കാൻ തുടങ്ങിയ രണ്ടാമത്തെ യൂണിറ്റാണ് നമ്പർ 18 സ്ക്വാഡ്രൺ. ഒരു മൾട്ടി-റോൾ ഫൈറ്റർ വിമാനമായ തേജസ് ആക്രമണ വ്യോമ പിന്തുണയ്‌ക്കും ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കുള്ള ക്ലോസ് കോംബാറ്റ് സപ്പോർട്ടിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ആ വിഭാഗത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിമാനം കൂടിയാണിത്.