ഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ എൽപിജിയെ ചൊല്ലി പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചു. ഇക്കൂട്ടർ ജനങ്ങൾക്ക് മുന്നിൽ സ്വയം തുറന്നുകാട്ടുക മാത്രമല്ലെന്നും രാജ്യത്തിന് ദോഷം വരുത്തുകയും ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധി ഒരു രാജ്യത്തിനേയും ബാധിക്കുന്നില്ലെന്നും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ സംരക്ഷിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എൻഎക്സ്‌ടി ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നിലവിലെ സാഹചര്യം മുതലെടുത്ത് ചിലർ ചില ഉൽപ്പന്നങ്ങൾ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നുണ്ട്. അത്തരം സത്യസന്ധമല്ലാത്ത നീക്കങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. "ചിലർ എൽപിജിയെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയമായി ഒരു കാര്യം പറയാതെ, അവർ ജനങ്ങളുടെ മുന്നിൽ സ്വയം തുറന്നുകാട്ടുക മാത്രമല്ല, രാജ്യത്തേയും പരമാവധി ദ്രോഹിക്കുകയാണ്," പ്രധാനമന്ത്രി മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ നിന്ന് ഉടലെടുക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടുന്നതിൽ എല്ലാവർക്കും നിർണായക പങ്കാണ് വഹിക്കാനുള്ളത്. അത് രാഷ്ട്രീയ പാർട്ടികളായാലും, മാധ്യമങ്ങളായാലും, യുവാക്കളായാലും, നഗരങ്ങളായാലും, ഗ്രാമങ്ങളായാലും നിർണായക പങ്കാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിരവധി ആഗോള പ്രതിസന്ധികൾക്കിടയിലും ലോക നേതാക്കളും വിദഗ്ധരും ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഇത് ഇന്ത്യയുടെ ഉത്തരവാദിത്തങ്ങളും ഉയർത്തുന്നുണ്ടെന്ന് മോദി പറഞ്ഞു.
ലോകം ദുഷ്കരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇന്ത്യ വേഗത്തിലും സ്ഥിരതയിലും മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ മുഴുവൻ ഗുരുത്വാകർഷണ കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് നിരവധി ആഗോള നേതാക്കൾ പറയുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
അതേസമയം, ഇന്ത്യയിലാകെ പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഹോട്ടൽ ഉടമകളെ സംബന്ധിച്ച് അവർ വലിയ പ്രതിസന്ധിയിലാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം മുംബൈ, ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽ പാചകവാതക ക്ഷാമം മൂലം നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. കേരളത്തിലും പ്രതിസന്ധി രൂക്ഷമാകുകയാണ്. മുംബൈയിൽ മാത്രം 20 ശതമാനത്താേളം ഹോട്ടലുകൾ പൂട്ടിയെന്നാണ് റിപ്പോർട്ടുകൾ.