

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയുടെ ആഘാതത്തിൽ നിന്ന് തിരിച്ചുവരാനാകാത്ത വിധം താഴേക്ക് പോകുകയാണ് തൃണമൂൽ കോൺഗ്രസ്. തോൽവിക്ക് പിന്നാലെ വിവിധ മുൻസിപ്പാലിറ്റികളിൽ നിന്ന് നൂറോളം കൗൺസിലർമാർ രാജിവെച്ചു . മമതാ ബാനർജിയുടെ അടുത്ത അനുയായിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമും അഭിഷേക് ബാനർജിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജിസന്നദ്ധത അറിയിച്ചെന്നാണ് വിവരം.
അഴിമതി കേസുകളിൽ ചില കൗൺസിലർമാർ അറസ്റ്റിലായതും പാർട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുണ്ടായ ആക്രമണങ്ങൾക്കെതിരെ ടിഎംസി നടത്തിയ പ്രതിഷേധങ്ങളിൽ പങ്കെടുത്തത് 80ൽ 36 എം എൽ എമാർ മാത്രമാണ്. കഴിഞ്ഞ ദിവസം സംഘടനാ ചുമതല ഒഴിഞ്ഞ ടിഎംസി ലോക്സഭാ എം പി കകോലി ഘോഷ് ദസ്തിദാർ, മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ച യോഗത്തിലും പങ്കെടുത്തിരുന്നു.
ഇത്തരം ദുർഘടമായ ഘട്ടങ്ങളിൽ പാർട്ടി പ്രവർത്തകർ ഒരുമിച്ച് നിൽക്കണമെന്ന് തിങ്കളാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തവരോട് മുൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനാർജി പറഞ്ഞതായി ടിഎംസി വൃത്തങ്ങൾ അറിയിച്ചു. സംഘടനയിൽ തുടരാൻ തയ്യാറാകാത്തവർക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മമത പറഞ്ഞതായാണ് റിപ്പോർട്ടുകൾ.