രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം, പൊലിഞ്ഞത് 166 ജീവനുകൾ; മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് 17 വയസ്

വളരെ ശാന്തവും സാധാരണവുമെന്ന് കരുതിയ ഒരു നവംബർ 26ന് വൈകിട്ടായിരുന്നു മുംബൈയെ വിറപ്പിച്ച ഭീകരാക്രമണത്തിൻ്റെ തുടക്കം
താജ് ഹോട്ടൽ, അജ്മൽ കസബ്
താജ് ഹോട്ടൽ, അജ്മൽ കസബ്Source: X
Published on
Updated on

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം. പൊലിഞ്ഞത് 166 ജീവനുകൾ, പരിക്കേറ്റവർ മുന്നൂറിലേറെ, ഇപ്പോഴും അശാന്തിയുണർത്തുന്ന, പേടിപ്പെടുത്തുന്ന ഓർമകളുമായി ജീവിക്കുന്നവർ അതിലും എത്രയോ ഇരട്ടി. ഒരു രാജ്യത്തെ മുഴുവൻ മൂന്ന് ദിവസം മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 17 വർഷം തികയുകയാണ്. വളരെ ശാന്തവും സാധാരണവുമെന്ന് കരുതിയ ഒരു നവംബർ 26ന് വൈകിട്ടായിരുന്നു മുംബൈയെ നടുക്കിയ ഭീകരാക്രമണത്തിൻ്റെ തുടക്കം.

ആക്രമണം നടന്നത് മുംബൈയിലെ ഏറ്റവും തിരക്കേറിയ 12 ഇടങ്ങളിൽ. മൂന്ന് ദിവസം കൊണ്ട് ഭീകരർ കൊന്നൊടുക്കിയത് 166 പേരെ. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതി ജനിപ്പിച്ച ഭീകരാക്രമണം. ആക്രമണം നടത്തിയത് ലഷ്കർ ഇ ത്വയ്ബയുടെ 10 ഭീകരർ. അവർ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതാവട്ടെ താജ് ഹോട്ടൽ അടക്കം നഗരത്തിലെ പ്രധാനപ്പെട്ട 12 ഇടങ്ങൾ കേന്ദ്രീകരിച്ചും.

താജ് ഹോട്ടൽ, അജ്മൽ കസബ്
''കോമഡി ക്ലബില്‍ നിന്ന് എടുത്ത ചിത്രമല്ല''; 'ആര്‍എസ്എസ്' ടീ ഷര്‍ട്ട് ധരിച്ച് കുനാല്‍ കമ്രയുടെ പരിഹാസം; പിന്നാലെ വിമര്‍ശനവുമായി ബിജെപി

ചെറിയ സംഘങ്ങളായി തിരിഞ്ഞ് ആൾത്തിരക്കുള്ള ഇടങ്ങളിൽ ഭീകരാക്രമണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ , മുംബൈ എടിഎസ് തലവനായിരുന്ന ഹേമന്ത് കർക്കറെ ഉൾപ്പെടെ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരിൽ ഒമ്പതു പേരെയും വധിച്ച സൈന്യത്തിന് ഒടുവിൽ അജ്മൽ കസബിനെ മാത്രം ജീവനോടെ പിടികൂടാനായി. 2010ൽ വധശിക്ഷയ്ക്ക് വിധിച്ച കസബിനെ 2012ൽ തൂക്കിലേറ്റി .

ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ട 10 ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ 2008 നവംബർ 23നാണ് ബോട്ടിൽ കറാച്ചിയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇതിനിടെ ഒരു ഫിഷിംഗ് വെസ്സൽ പിടിച്ചെടുത്ത ഭീകരർ അതിലുണ്ടായിരുന്നവരെ കൊലപ്പെടുത്തിയ ശേഷം ക്യാപ്റ്റനെ ബന്ദിയാക്കിയാണ് മുംബൈ തീരത്തടുത്തത്.

താജ് ഹോട്ടൽ, അജ്മൽ കസബ്
'ട്രെയിനിൽ ഹലാൽ വേണ്ട'; ഹലാൽ മാംസം മാത്രം വിളമ്പുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

രാജ്യത്തെ ഭീതിയുടെ മുൾമുനയില്‍ നിർത്തിയ 60 മണിക്കൂറുകൾ..

നവംബർ 26, 2008

  • മുംബൈയെ വിറപ്പിച്ച ആദ്യ ആക്രമണം നടന്നത് നവംബർ 26ന് രാത്രി 9.21 ഓടെയായിരുന്നു. ദിവസവും 70 ലക്ഷത്തോളം പേർ യാത്ര ചെയ്യുന്ന സിഎസ്എംടിയിലായിരുന്നു അജ്മൽ കസബും കൂട്ടാളി ഇസ്മായിലും ആദ്യമെത്തിയത്. 90 മിനിറ്റോളം നിരായുധരായ യാത്രക്കാർക്ക് നേരെ നിർത്താതെ വെടിയുതിർത്തു. അന്ന് സിഎസ്എംടിയിൽ മാത്രം കൊല്ലപ്പെട്ടത് 58 പേരാണ് . ഏകദേശം 100ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

  • ഭീകരരുടെ അടുത്ത ലക്ഷ്യം ലിയോപോൾഡ് കഫേയായിരുന്നു. 9.35 ഓടെ ലിയോപോൾഡ് കഫേയിലെത്തിയ രണ്ടാം സംഘം കഫേയിൽ ഗ്രനേഡ് എറിയുകയും ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. അവിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 11 പേർ.

  • അടുത്ത സംഘം ഏറെക്കുറെ ഇതേ സമയത്ത് തന്നെ നരിമാൻ ഹൗസിലെത്തിയിരുന്നു. നരിമാൻ ഹൗസിലെത്തിയ ഭീകരർ നിരവധി പേരെ ബന്ദികളാക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

  • 9.45 ഓടെ താജ് ഹോട്ടലിനുള്ളിൽ കടന്ന അബ്ദുൾ റഹ്മാനും ജാവേദും ഗ്രനേഡുകളും മറ്റും വലിച്ചെറിഞ്ഞ് ഹോട്ടലിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിദേശ വിനോദ സഞ്ചാരികളും, ഐഎൻജി വൈശ്യ ബാങ്ക് ചെയർമാനും ഉൾപ്പടെയുള്ളവരെ ബന്ദികളാക്കിയെങ്കിലും അപ്പോഴേക്കും എൻഎസ്ജി പ്രത്യാക്രമണം തുടങ്ങിയിരുന്നു.

  • അഞ്ചാമത്തെ ലക്ഷ്യമായ ഒബ്റോയ് ട്രൈഡന്റ് ഹോട്ടലിൽ ആക്രമണം നടത്തിയതും രണ്ടംഗ സംഘമായിരുന്നു. ഹോട്ടൽ അപ്പോഴേക്കും ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും ഭീകരർ നടത്തിയ വെടിവെപ്പിൽ അവിടെ നഷ്ടപ്പെട്ടത് 35 ജീവനുകളായിരുന്നു.

  • ഇതിനിടെ സിഎസ്ടിയിലെ ആക്രമണത്തിന് ശേഷം അടുത്ത ലക്ഷ്യമായ മലബാർ ഹിൽസിലേക്ക് പോകുവാനായി പുറത്തിറങ്ങിയ കസബും ഖാനുമായി ഉണ്ടായ പൊലീസ് ഏറ്റുമുട്ടലിൽ ഖാൻ വധിക്കപ്പെടുകയും കസബിനെ പിടികൂടുകയും ചെയ്തു.

നവംബർ 28

നരിമാൻ ഹൗസിൻ്റെ മേൽക്കൂര വഴി ഉള്ളിൽ കടന്ന സുരക്ഷാ സേന ഭൂരിഭാഗം പേരെയും ഒഴിപ്പിച്ച ശേഷം വൈകുന്നേരമായപ്പോഴേക്കും ഇരു ഭീകരരേയും വെടിവെച്ച് കൊലപ്പെടുത്തി. ഒബ്റോയിയിലും വൈകുന്നേരമായപ്പോഴേക്കും ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അതിനകം അവിടെ 30 ഓളം പേരെ ഭീകരർ വധിച്ചിരുന്നു.

താജ് ഹോട്ടലിലെ ഏറ്റുമുട്ടൽ അവസാനിക്കുമ്പോഴേക്കും വിദേശ വിനോദ സഞ്ചാരികളടക്കം 31 പേരുടെ ജീവൻ നഷ്ടമായിരുന്നു.

താജ് ഹോട്ടൽ, അജ്മൽ കസബ്
അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

അജ്മൽ കസബിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തത് 2012ൽ പാകിസ്ഥാനിൽ വെച്ചാണെന്ന് വ്യക്തമായത്. ഇതിന് പിന്നിലെ പ്രധാന ആസൂത്രകരിലൊരാളായ തഹാവൂർ റാണ 2009 ൽ യുഎസിൽ അറസ്റ്റിലായി. മുംബൈ ആക്രമണത്തിലെ പങ്ക് സ്ഥിരീകരിച്ചതിനെ തുടർന്ന് പിന്നീട് ഇയാളെ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. ഇതിലെ മറ്റൊരു പ്രധാന സൂത്രധാരനായ ഡേവിഡ് ഹെഡ്‌ലിയും 2009ൽ തന്നെ യുഎസിൽ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തതിന് ഇയാളെ യുഎസ് കോടതി 35 വർഷം തടവിന് ശിക്ഷിച്ചിട്ടുണ്ടെങ്കിലും ഹെഡ്‌ലിയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ആവശ്യം യുഎസ് നിരസിക്കുകയാണ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com