

കൊല്‍ക്കത്ത: ബാബ്‌റി മസ്ജിദ് മാതൃകയില്‍ പള്ളി പണിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ബെല്‍ദംഗയിലെ മുര്‍ഷിദാബാദില്‍ ആണ് ബാബ്‌റി മസ്ജിദ് മാതൃകയില്‍ പള്ളി പണിയുന്നതിനായി തറക്കല്ലിടുമെന്ന് എംഎല്‍എ ഹുമയൂണ്‍ കബീര്‍ പറഞ്ഞത്.
മതേതരത്വം പുലര്‍ത്തുന്ന തിയറിയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും ഹുമയൂണ്‍ കബീറിന്റെ പരാമര്‍ശവുമായി പാര്‍ട്ടി ഒത്തു പോകില്ലെന്നുമാണ് കൊല്‍ക്കത്ത മേയര്‍ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞത്.
'ഒരു ദിവസം പെട്ടെന്ന് ഞങ്ങളുടെ ഒരു എംഎല്‍എ മുര്‍ഷിദാബാദില്‍ ഒരു ബാബ്‌റി മസ്ജിദ് പ്രഖ്യാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു ബാബ്‌റി മസ്ജിദ് ഉണ്ടാക്കാനുള്ള തീരുമാനം? ഞങ്ങള്‍ നേരത്തെ തന്നെ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മതേതരത്വ കാഴ്ചപ്പാടിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി തീരുമാനപ്രകാരം എംഎല്‍എ ഹുമയൂണ്‍ കബീറിനെ ഞങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുകയാണ്,' മേയര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് തനിക്ക് മുഖ്യമന്ത്രിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന കാര്യം പറഞ്ഞത്. പക്ഷെ ഡിസംബര്‍ ആറ് വരികയായതുകൊണ്ട് താന്‍ തിരക്കില്‍ ആണെന്നും അതുകൊണ്ട് ടിഎംസിയുടെ ഒരു മണിക്കൂര്‍ മീറ്റിംഗില്‍ മാത്രമേ താന്‍ പങ്കെടുക്കൂ എന്നും കബീര്‍ പറഞ്ഞിരുന്നു.
'ഡിസംബര്‍ ആറ് വരികയായതുകൊണ്ട് തന്നെ ഞാന്‍ തിരക്കിലാണ്. ഒരു മണിക്കൂര്‍ നേരത്തെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ മാത്രമേ ഞാന്‍ പോകുന്നുള്ളു. കാരണം ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് നിര്‍മാണത്തിന് തറക്കല്ലിടലുമായി ബന്ധിപ്പെട്ട് ഞാന്‍ തിരക്കിലാണ്. ഡിസംബര്‍ ആറിന് തറക്കല്ലിടുമെന്ന് ഒരു വര്‍ഷം മുമ്പ് തന്നെ ഞാന്‍ പറഞ്ഞിരുന്നു,' ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
എംഎല്‍എയുടെ പ്രസ്താവന പെട്ടെന്ന് തന്നെ വിവാദമായി. ഗവര്‍ണര്‍ സിവി ആനന്ദ ബോസ് എംഎല്‍എയ്‌ക്കെതിരെയും സര്‍ക്കാരിനെതിരെയും രംഗത്തെത്തുകയും ചെയ്തു. എംഎല്‍എയെ എന്തുകൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്ന് ആനന്ദ ബോസ് ചോദിച്ചത്. പിന്നാലെ തങ്ങളെ തടയാന്‍ നോക്കരുതെന്നും തീക്കൊള്ളി കൊണ്ട് കളിക്കരുതെന്നും എംല്‍എ പറഞ്ഞു.
'ഭരണകൂടം തടയാനാണ് ശ്രമിക്കുന്നതെങ്കില്‍ റജിനഗര്‍ മുതല്‍ ബെഹാറംപൂര്‍ വരെയുള്ള ഹൈവേ തടയും. തീക്കൊള്ളി കൊണ്ട് കളിക്കരുത്,' ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
ഭരണഘടനാ അവകാശത്തിന് കീഴിലാണ് താന്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും തനിക്ക് നിരവധി പേരുടെ പിന്തുണയുണ്ടെന്നും കബീര്‍ പറഞ്ഞു. ഒരു വിഭാഗത്തിനും പ്രശ്‌നമുണ്ടാകാതിരിക്കാനായി 2000 വളണ്ടിയര്‍മാരെ നിയമിക്കുമെന്നും കബീര്‍ പറഞ്ഞു.