

ഹൈദരാബാദ്: ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് കൂറ്റന്‍ ട്രക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ്-വിജയവാഡ ഹൈവേയിലെ കാഞ്ചികചര്‍ള മണ്ഡലിലെ കീസാര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഭവം.
ഹൈദരാബാദിലേക്ക് വരികയായിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലാണ് 4.20 ഓടെ നിയന്ത്രണം വിട്ട കോണ്‍ക്രീറ്റ് കുഴയ്ക്കുന്ന ടാങ്കര്‍ മറിഞ്ഞത്. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ ബി ശ്രീനിവാസ് റാവുവായിരുന്നു കാറിനകത്തുണ്ടായിരുന്നത്. അമരാവതിയില്‍ വച്ച് നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.
ജെസിബിയുടെ സഹായത്തോടെയാണ് ശ്രീനിവാസിനെ പുറത്തെടുത്ത്. എന്നാല്‍ ഇദ്ദേഹം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്തത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പൊലീസ് സിസിടിവി പരിശോധിച്ച് വരികയാണ്. ടാങ്കര്‍ അമിത ഭാരം പേറിയായായിരുന്നോ സഞ്ചരിച്ചിരുന്നതെന്നും മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
ട്രക്ക് വീണ ബിഎംഡബ്ല്യു തകര്‍ന്നു പോയിട്ടുണ്ട്. പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രാകാരം കുഴച്ച കോണ്‍ക്രീറ്റുമായി സഞ്ചരിച്ചിരുന്ന ട്രക്ക് ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ക്രെയ്‌നും മണ്ണുമാന്തി യന്ത്രവുമടക്കം ഉപയോഗിച്ചാണ് ട്രക്കിനെ ഉയര്‍ത്തിയത്.