
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതി. ഇരകള്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം.
2010-ലെ മംഗലാപുരം വിമാനാപകടവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നഷ്ടപരിഹാരം ഉറപ്പാക്കുന്നുണ്ട്. ഇത് ഇരകള്‍ക്ക് ഉറപ്പാക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. വിമാനാപകടത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡോ. സൗരവ് കുമാര്‍, ഡോ. ധ്രുവ് ചൗഹാന്‍ എന്നിവരാണ് കത്തെഴുതിയത്.
അതേസമയം മുന്‍കരുതലിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങള്‍ സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഇന്ത്യയില്‍ നിന്നും വിമാനം എടുക്കുന്നതിന് മുമ്പ് ഒറ്റത്തവണ പരിശോധന നടത്തണമെന്നും ഇന്ധനം നിറയ്ക്കുന്നത് സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട മറ്റു പരിശോധനയും നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ക്യാബിന്‍ എയര്‍ കംപ്രസറും ബന്ധപ്പെട്ട മേഖലയും പരിശോധിക്കണമെന്നും ഇലക്ട്രോണിക് എഞ്ചിന്‍ കണ്‍ട്രോള്‍ സിസ്റ്റം ചെക്ക് ഹൈഡ്രോളിക് സിസ്റ്റം പരിശോധന തുടങ്ങി നിരവധി പരിശോധനകള്‍ ഡിജിസിഎ ആവശ്യപ്പെടുന്നുണ്ട്.
അഹമ്മദാബാദ് വിമാനാപകടത്തില്‍ സാധാരണക്കാരും ഡോക്ടര്‍മാരുമുള്‍പ്പെടെ മരണം 274 ആയി ഉയര്‍ന്നിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്കാണ് ഇടിച്ചിറങ്ങിയത്. ഇതിന് താഴെ നിന്നിരുന്നവരും ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണ് ഇതിന് പുറമെ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു വിമാനം കൂപ്പുകുത്തിയത്. മെയ് ഡേ സന്ദേശത്തിനൊപ്പം വിമാനം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പൈലറ്റ് അവസാനമായി നല്‍കിയ വിവരം.