ഇൻഡോർ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയില്‍ എലി കടിച്ച് രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത്‌വർമ്മ ആശുപത്രിയാണ് സംഭവം. 48 മണിക്കൂറിനിടെയാണ് രണ്ട് കുഞ്ഞുങ്ങളും മരിച്ചത്.
എൻഐസിയു വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. കഴിഞ്ഞദിവസം, മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച മറ്റൊരു കുഞ്ഞും എലിയുടെ കടിയേറ്റതിന് പിന്നാലെ മരിച്ചിരുന്നു. രക്തത്തിലെ അണുബാധയും ജന്മനായുള്ള വൈകല്യങ്ങളുമാണ് മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ നഴ്സിംങ് സൂപ്രണ്ടിനെയും രണ്ട് നഴ്സിങ് അസിസ്റ്റന്‍റുമാരെയും പിരിച്ചുവിട്ടു.
രണ്ട് കുട്ടികൾക്കും ജന്മനാ വിളർച്ച ഉണ്ടായിരുന്നെന്ന് എം വൈ ആശുപത്രി സൂപ്രണ്ട് അശോക് യാദവ് പറയുന്നു. "പുറത്തു നിന്ന് കുഞ്ഞുങ്ങളെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഒരാളുടെ ഭാരം ഒരു കിലോയും മറ്റേയാളുടെ ഭാരം 1.6 കിലോയും ആയിരുന്നു, ഹീമോഗ്ലോബിനും കുറവായിരുന്നു. കുട്ടികളിൽ കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു, പക്ഷേ അതാണ് മരണത്തിന് കാരണമെന്ന് പറയാനാകില്ല," ആശുപത്രി സൂപ്രണ്ട് അശോക് യാദവ് പറഞ്ഞു.