ഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ 2026ലെ ബജറ്റ് പ്രഖ്യാപനം പൂർത്തിയായപ്പോൾ ഇന്ത്യയിൽ നിക്ഷേപം ആഗ്രഹിക്കുന്ന വിദേശികൾക്ക് ആശ്വാസ വാർത്തയാണ് എത്തുന്നത്. വിദേശികൾക്ക് ഇനി ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാം. ഓഹരി-കടപ്പത്ര വിപണികളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യൻ വിപണിയെ ആഗോള തലത്തിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കൈവശം വയ്ക്കാവുന്ന ഓഹരികളുടെ പരിധി വർധിപ്പിച്ചു. കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി ) വർധിപ്പിക്കുന്നതിനായി പുതിയ മാർക്കറ്റ് മേക്കിംഗ് ഫ്രെയിംവർക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ സംവിധാനം അനുസരിച്ച് രജിസ്റ്റർ ചെയ്ത വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (FPIs) അല്ലെങ്കിൽ എൻആർഐ (NRI) വഴിയാണ് രാജ്യത്ത് വിദേശ നിക്ഷേപങ്ങൾ പ്രധാനമായും എത്തിയിരുന്നത്. എന്നാൽ ഇനി മുതൽ വിദേശത്തുള്ള വ്യക്തിഗത നിക്ഷേപകർക്ക് 'പോർട്ട്ഫോളിയോ ഇൻവെസ്റ്റ്‌മെൻ്റ് സ്‌കീം' വഴി നേരിട്ട് ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാം.
ഇന്ത്യൻ ഓഹരി വിപണികളെ സംബന്ധിച്ചിടത്തോളം നിർണായക ഘട്ടത്തിലാണ് ഈ പ്രഖ്യാപനം. വിദേശ നിക്ഷേപകർ 2025 -2026 സമയത്ത് നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിച്ചിരുന്നു. രൂപയുടെ സ്ഥിരതയില്ലായ്മയും നികുതിയേതര വരുമാനത്തിലെ കുറവും സുരക്ഷിതമായ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ നിക്ഷേപകർക്കിടയിൽ ഇന്ത്യൻ നിക്ഷേപങ്ങളെ ആകർഷകമല്ലാതാക്കിയിരുന്നു. പുതിയ. നീക്കത്തോടെ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി.
ബജറ്റിൽ പ്രഖ്യാപിച്ചത് പ്രകാരം നികുതി നിയമങ്ങൾ ലഘൂകരിച്ച പുതിയ ആദായ നികുതി നിയമം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഐടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട തിയതി ജൂലൈ 31 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
പുതിയ ആദായ നികുതി നിയമം അനുസരിച്ച് ചെറിയ നികുതിവെട്ടിപ്പുകള്‍ക്ക് പിഴശിക്ഷ മാത്രമാണുണ്ടാവുക. അതേസമയം, വരുമാനം തെറ്റിച്ച് കാണിച്ചാൽ 100 ശതമാനം പിഴയീടാക്കും. ആദായനികുതി സേവനങ്ങളെല്ലാം ഒറ്റകുടക്കീഴിലാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.