

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം രാജ്യതലസ്ഥാനത്ത് നടത്തിയ പ്രതിഷേധ പരിപാടികളിൽ ഇടതുവിദ്യാർഥി സംഘടനയായ ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകിയതിൽ കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐയിൽ പൊട്ടിത്തെറി. ഇതേ ചൊല്ലി സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടു.
നേഹയ്ക്ക് അമിത പ്രാധാന്യം നൽകിയതിലുള്ള അമർഷം രേഖപ്പെടുത്തി എൻഎസ്യുഐയുടെ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പേര് വി ദ ഛോട്ടു എന്നാക്കി മാറ്റി. ഇന്ത്യാസഖ്യ മാർച്ചിൽ രാഹുൽഗാന്ധി, സോണിയ ഗാന്ധി എന്നി മുൻനിര നേതാക്കൾക്കൊപ്പം നേഹ സ്ഥാനം പിടിച്ചതാണ് എൻഎസ്യുഐവിനെ ചൊടിപ്പിച്ചത്.
മാർച്ചിന് വേണ്ടി പണിയെടുത്ത യുവനേതാക്കളെ കോൺഗ്രസ് നേതൃത്വം തഴഞ്ഞുവെന്നാണ് ഇവരുടെ പരാതി. സംഘടനയ്ക്ക് വേണ്ടി പണിയെടുക്കുമ്പോൾ മറ്റ് സംഘടനയിൽപ്പെട്ടവരെ പ്രോൽസാഹിപ്പിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്ന് എൻഎസ്യുഐ ആരോപിച്ചു.
സുപ്രീംകോടതിയിലേക്കുള്ള മാർച്ചിന് ശേഷം രാഹുൽ ഗാന്ധി ഒരുക്കിയ വിരുന്നിലും നേഹ ബോറ നിറസാന്നിധ്യമായിരുന്നു. ഇതിലും യുവനേതാക്കൾക്ക് അതൃപ്തിയുണ്ട്. എൻഎസ്യുഐ അതൃപ്തി ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് യുവനേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുൽ യുവാക്കളുടെ പ്രശ്നങ്ങൾ കേട്ടുവെന്നും അതൃപ്തി നീങ്ങിയെന്നും മുതിർന്ന നേതാക്കൾ അറിയിച്ചു. തുടർന്ന് എൻഎസ്യുഐ വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പേര് പഴയപടിയാക്കുകയും ചെയ്തു.