ബിഹാറിൽ നിന്നുള്ള പെൺകുട്ടികൾക്ക് വില പറഞ്ഞ് ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹു. 20,000 മുതൽ 25,000 രൂപ വരെ നൽകിയാൽ ബിഹാറി പെൺകുട്ടികളെ വിവാഹം കഴിക്കാമെന്നായിരുന്നു ഗിർധാരി ലാൽ സാഹുവിൻ്റെ പ്രസ്താവന. ഇത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
ഗിർധാരി ലാലിൻ്റെ വീഡിയോ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. "നിങ്ങൾക്ക് വാർധക്യത്തിൽ വിവാഹം കഴിക്കാൻ സാധിക്കുമോ? നിങ്ങളുടെ വിവാഹം നടക്കുന്നില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്കായി ബിഹാറിൽ നിന്ന് ഒരു പെൺകുട്ടിയെ കൊണ്ടുവന്ന് തരാം. 20,000 മുതൽ 25,000 രൂപ വരെ വിലയുള്ള ഒരു പെൺകുട്ടിയെ നിങ്ങൾക്ക് അവിടെ നിന്ന് ലഭിക്കും. എന്റെ കൂടെ വരൂ, ഞങ്ങൾ നിങ്ങളെ വിവാഹം കഴിപ്പിക്കാം," ഇങ്ങനെയായിരുന്നു ഗിർധാരി ലാൽ സാഹു വീഡിയോയിൽ പറഞ്ഞത്.
കഴിഞ്ഞ മാസം അൽമോറയിൽ നടന്ന ഒരു പരിപാടിയിലാണ് ഗിർധാരി ലാൽ സാഹുവിൻ്റെ വിവാദ പ്രസ്തവാന. സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയാണ് രേഖ ആര്യ. പിന്നാലെ കോൺഗ്രസും ബിഹാർ വനിതാ കമ്മീഷനും ഗിർധാരി ലാലിനെതിരെ വിമർശനവുമായി രംഗത്തെത്തി. വിവാദത്തിന് ശേഷം ഗിർധാരി ലാൽ ക്ഷമാപണം നടത്തിയെങ്കിലും, ബിജെപി ഇയാളെ പിന്തുണച്ചിട്ടില്ല.
തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നും ഒരു സുഹൃത്തിന്റെ വിവാഹത്തെക്കുറിച്ച് മാത്രമാണ് താൻ ചർച്ച ചെയ്യുന്നതെന്നുമായിരുന്നു ഗിർധാരി ലാലിൻ്റെ ന്യായീകരണം. "എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ കൈകൂപ്പി ക്ഷമ ചോദിക്കുന്നു," ഗിർധാരി ലാൽ പറഞ്ഞു.
പ്രസ്താവനയെ അപലപിച്ച ബിജെപി സംസ്ഥാന ഘടകം ഗിർധാരി ലാലിനോട് അകലം പാലിക്കാൻ ശ്രമിക്കുകയും, ഇയാൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കുകയും ചെയ്തു. സാഹുവിന്റെ പരാമർശം ഇന്ത്യയിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ കോൺഗ്രസ്, വിഷയത്തിൽ ബിജെപി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
"മന്ത്രി രേഖ ആര്യയുടെ ഭർത്താവിന്റെ ഈ പ്രസ്താവന ഇന്ത്യയിലെ പെൺകുട്ടികളെ അപമാനിക്കുന്നതാണ്. അവർ ബീഹാറിൽ നിന്നായാലും കേരളത്തിൽ നിന്നായാലും ഉത്തരാഖണ്ഡിൽ നിന്നായാലും," കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഗോഡിയാൽ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നതിലുള്ള ബിജെപി നിലപാട് ഈ പ്രസ്താവന വ്യക്തമായി വെളിപ്പെടുത്തുന്നുവെന്നും ഗണേഷ് ഗോഡിയാൽ പറഞ്ഞു.