

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ഡൽഹി ഹൈക്കോടതി കഴിഞ്ഞ സെപ്‌തംബറിൽ ജാമ്യം നിഷേധിച്ചത് ചോദ്യം ചെയ്‌ത് നൽകിയ ഹർജികളിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും ഉൾപ്പെട്ട ബെഞ്ച് വിധി പറയുക. അഞ്ച് വർഷമായി തടവിലാണെന്നും ആരോപണം തെളിയിക്കാനായിട്ടില്ലെന്നും പ്രതികൾ വാദിച്ചിരുന്നു.
2020 ഫെബ്രുവരിയിൽ കലാപം നടന്നപ്പോൾ ഉമർ ഖാലിദ് ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നാണ് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ വാദിച്ചത്. ഉമർ ഖാലിദിനെ കൂടാതെ ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷകളിലും ഇന്ന് വിധി പറയും.
യുഎപിഎ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അഞ്ച് വർഷത്തിലേറെയായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് കഴിഞ്ഞ 16 മുതൽ 29 വരെ ഡൽഹി വിചാരണ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു എന്നിവരും പ്രതികൾക്കായി കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുമാണ് കോടതിയിൽ ഹാജരായത്.