ഛത്തീസ്ഗഡ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ച് നാളേക്ക് മാറ്റിവെച്ചത്.
കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി രണ്ട് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ബിലാസ്പൂർ കോടതിയിൽ വാദം പൂർത്തിയായി. ഇരു വിഭാഗവും കോടതിയിൽ വാദം നടത്തി. മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേന്ദ്രസർക്കാരിൻ്റെ ഉറപ്പ് പാഴായി. ഇന്ന് ജാമ്യാപേക്ഷ ബിലാസ്പൂർ എൻഐഎ കോടതി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചു. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഇന്ന് ഉച്ചയോടെയാണ് കന്യാസ്ത്രീകൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.