ന്യൂഡൽഹി: 17മത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ പകൽ 10 മുതൽ അഞ്ച് വരെയാണ് പോളിങ് നടക്കുക. എൻഡിഎ മുന്നണിക്ക് വേണ്ടി നിലവിലെ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന് വേണ്ടി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. പാർലമെൻ്റിലെ എല്ലാ അംഗങ്ങളും രഹസ്യ ബാലറ്റിലൂടെയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. എംപിമാർക്ക് ഇഷ്ടമുള്ളതുപോലെ വോട്ട് ചെയ്യാമെങ്കിലും സാധാരണയായി പാർട്ടി നിലപാടുകൾക്ക് അനുസൃതമായാണ് വോട്ട് രേഖപ്പെടുത്തുക. എന്നിരുന്നാലും, ക്രോസ് വോട്ടിങ് സാധാരണമാണ്.
മൂന്ന് പതിറ്റാണ്ടിനിടെ 2022ൽ ഏറ്റവും വലിയ വിജയം നേടിയാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 75 ശതമാനത്തോളം വോട്ട് നേടിയായിരുന്നു അദ്ദേഹത്തിൻ്റെ വിജയം. നിലവിൽ 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് വോട്ട് ചെയ്യാൻ യോഗ്യരായുള്ളത്. എന്നാൽ മുൻ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ ബിജു ജനതാദളും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിനാൽ എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതിൽ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാൻ സാധിക്കും.
എൻഡിഎയ്ക്ക് നിലവിൽ 425 എംപിമാരുണ്ട്. അതിനാൽ ബിജെപി സ്ഥാനാർഥിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണന് വ്യക്തമായ വിജയം നേടാൻ സാധിക്കുമെന്നത് ഉറപ്പാണ്. ഇരുസഭകളിലുമായി പ്രതിപക്ഷത്തിന് 324 വോട്ടുകളുണ്ടെന്നാണ് കണക്ക്. 2022നെ അപേക്ഷിച്ച് പ്രതിപക്ഷത്തിന് ഇത്തവണ കൂടുതൽ എംപിമാരുണ്ട്. എൻഡിഎ എംപിമാർ ക്രോസ് വോട്ട് ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് നേരിയ വിജയസാധ്യതയുള്ളൂ. എല്ലാം അംഗങ്ങളും കൃത്യമായി വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന് എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ജൂലായ് 21ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.