ചെന്നൈ: ടിവികെയുടെ വിജയം പ്രവചിച്ച ജോത്സ്യനെ ഒഎസ്‌ഡി ആയി നിയമിച്ച് വിജയ്. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലനെയാണ് ഒഎസ്‌ഡി ആയി നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവും സർക്കാർ പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കുറിപ്പിനെ തുടർന്നാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 40 വർഷമായി ജ്യോതിഷ രംഗത്തുള്ള വെട്രിവേൽ, മുൻ മുഖ്യമന്ത്രി ജയലളിത അടക്കമുള്ള നിരവധി രാഷ്ട്രീയ പ്രമുഖർക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.
2026-ലെ തെരഞ്ഞെടുപ്പിൽ വിജയ്ക്കും ടിവികെയ്ക്കും മികച്ച വിജയം ഉണ്ടാകുമെന്ന് റിക്കി രാധൻ പണ്ഡിറ്റ് ഒരു വർഷം മുന്നേ പ്രവചിച്ചതായിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം രാഷ്ട്രീയ, ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടെയാണ് വിജയ് ഇത്തരമൊരു നീക്കം നടത്തിയത്. മെയ് പത്തിന് 3.45ന് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ ചടങ്ങ് രാധന്‍ പണ്ഡിറ്റ് നിര്‍ദേശിച്ച മുഹൂര്‍ത്ത പ്രകാരമാണ് രാവിലെ പത്ത് മണിയിലേക്ക് മാറ്റിയതെന്ന തരത്തിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
"ഈ എക്സിറ്റ് പോളുകളെ ഞങ്ങൾ അവഗണിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ 170 അല്ലെങ്കിൽ 140 ന് മുകളിൽ തൂത്തുവാരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ നന്നായി പഠിച്ചു. ഞങ്ങൾ വ്യക്തിപരമായ സർവേ നടത്തി. കുറഞ്ഞത് 45% വോട്ട് ബാങ്കിങ്ങ് ഉറപ്പാണ്. തെരഞ്ഞെടുപ്പിൽ വോട്ട് എണ്ണാൻ 108 മണിക്കൂർ ബാക്കി. 109-ാം മണിക്കൂറിൽ ഞങ്ങൾ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു. നമ്മുടെ വിജയ് മുഖ്യമന്ത്രിയാകും."റിക്കി രാധൻ പണ്ഡിറ്റ് പറഞ്ഞിരുന്നു.
അതേസമയം, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ വിജയാഘോഷങ്ങൾ വേണ്ടെന്ന് ടിവികെ അറിയിച്ചു. പൊതു ഗതാഗതം തടസപ്പെടുത്തുകയോ ജനങ്ങളുടെ യാത്രയ്ക്ക് തടസമാകുകയോ ചെയ്യരുത്. ആഘോഷ വേളയിൽ പൊതുസ്ഥലങ്ങളിൽ ബാനറുകൾ വേണ്ടെന്നും ടിവികെ പ്രസ്താവനയിൽ വ്യക്തമാക്കി.