തമിഴ്നാട്: കരൂരിലെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന പര്യടന റാലിയിലുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി വിജയ്. താങ്ങാനാകാത്ത ദുഃഖത്താൽ തകർന്നിരിക്കുകയാണെന്ന് വിജയ് എക്സിൽ കുറിച്ചു. പറഞ്ഞറിയിക്കാനാകാത്ത ഹൃദയവേദനയിലാണ്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട എൻ്റെ സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങളോട് ഞാൻ എൻ്റെ അഗാധമായ അനുശോചനവും അനുശോചനവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നുവെന്നും വിജയ് എക്സിൽ കുറിച്ചു.
ദുരന്തത്തിന് പിന്നാലെ വിജയ് ചെന്നൈയിലേക്ക് മടങ്ങി. ചെന്നൈയിലെ വീട്ടിലാണ് നിലവിൽ വിജയ്. നീലാങ്കരൈയിലെ വീട്ടിൽ പൊലീസെത്തി. അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നാണ് ചെന്നൈയിലേക്ക് പുറപ്പെട്ടത്. വിമാനത്താവളത്തിൽ വിജയ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ദുരന്തത്തിന് പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രംഗത്തെത്തി. റാലിയിൽ നിർദേശങ്ങൾ പാലിക്കാത്തതു കൊണ്ടാണ് അപകടമെന്ന് ഡിഎംകെ ആരോപിച്ചു.
ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 മരണം സ്ഥിരീകരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ ആൾക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതായും റിപ്പോർട്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.