
തമിഴ്നാട്: കരൂരിലെ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന പര്യടന റാലിയിൽ വൻ ദുരന്തത്തിൻ്റെ വാർത്ത പുറത്തു വരുമ്പോൾ അനുമതിയും സുരക്ഷയും ആവശ്യപ്പെട്ട് ടിവികെ പൊലീസിന് അയച്ച കത്ത് പുറത്ത്. 10,000 പേർ പങ്കെടുക്കുന്ന റാലിക്കാണ് സംഘാടകർ അനുമതി ചോദിച്ചതായി കത്തിലുള്ളത്. എന്നാൽ, 60,000 പേർക്ക് നില്‍ക്കാവുന്ന സ്ഥലമാണ് ഇതെന്ന് കണക്കാക്കിയിരുന്നു. പക്ഷെ, രണ്ട് ലക്ഷത്തോളം പേരാണ് പരിപാടിക്ക് എത്തിയതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്.
ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 മരണം സ്ഥിരീകരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ ആൾക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതായും റിപ്പോർട്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. ഒരു ഒൻപത് വയസുകാരി പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട്.
മെഡിക്കൽ സംഘങ്ങളെ ഉടനടി വിന്യസിക്കുകയും നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. നിയന്ത്രിക്കാനാവാത്ത തിരക്കിനിടയിൽ നിരവധി പേർ ബോധരഹിതരായി വീണതോടെ വിജയ് പ്രസംഗം മുഴുമിപ്പിക്കാനാകാതെ മടങ്ങുകയായിരുന്നു.