ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ രജനികാന്ത്. ടിവികെയുടെ വിജയത്തിൽ രജനികാന്തിന് അസൂയയാണെന്നും അതിനാലാണ് ഫലം വന്നതിന് ശേഷം വിജയിയെ കാണാതെ ആദ്യം സ്റ്റാലിനെ കണ്ടെതെന്നുമായിരുന്നു രജനികാന്തിനെതിരെ ഉയർന്ന ആരോപണം. ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാലിനുമായുള്ള സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണെന്നും അദ്ദേഹം തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ വിഷമം തോന്നിയത് കൊണ്ടായിരുന്നു സന്ദർശനമെന്നും രജനികാന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. രണ്ട് ദ്രാവിഡ പാർട്ടികളെ വീഴ്ത്തി അധികാരത്തിലെത്തിയ വിജയിയുടെ വിജയം ഞെട്ടിച്ചെന്നും രജനികാന്ത് പറഞ്ഞു.
വിമാനത്താവളത്തിൽ വിജയ്‌യുടെ ജയത്തിൽ അഭിപ്രായം ചോദിച്ച വ്യക്തി മാധ്യമ പ്രവർത്തകൻ അല്ലാതിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. വിജയ്‌യോട് തനിക്ക് അസൂയയില്ല. 52ആം വയസിൽ എംജിആറും എൻടിആറും നേടിയതിലും വലിയ ജയം ആണ് വിജയ്‌യുടേത്. ബിജെപിയെയും രണ്ട് വലിയ പാർട്ടികളെയും തോൽപ്പിച്ചു. തനിക്ക് ആശ്ചര്യം കലർന്ന സന്തോഷം ആണെന്നും രജനികാന്ത് പറഞ്ഞു.