'ഞങ്ങളുടെ മാധുരിയെ തിരികെ തരൂ'; ആനയ്ക്കായി ഒരു അപൂർവ സമരം; കോലാപുരിൽ പ്രതിഷേധത്തിനിറങ്ങിയത് 30,000 ത്തോളം ഗ്രാമീണർ

ആനയെ കൊണ്ടുപോയ അംബാനിയുടെ മകനോടുള്ള പ്രതിഷേധസൂചകമായി സത്താറ, സംഗ്ലി മേഖലയിലെ ഒന്നര ലക്ഷത്തോളം ജനങ്ങൾ ജിയോ കണക്ഷനുകൾ ഒഴിവാക്കി
madhuri elephant
മാധുരിക്കായി നടന്ന പ്രതിഷേധ ജാഥSource: X
Published on

മഹാരാഷ്ട്ര: അപൂർവമായൊരു സമരത്തിനാണ് കഴിഞ്ഞദിവസം കോലാപുർ മേഖല സാക്ഷിയായത്. മാധുരി എന്ന ഒരു ആനയ്ക്ക് വേണ്ടി 30,000 ത്തോളം വരുന്ന ഗ്രാമീണർ റോഡിലിറങ്ങി പ്രതിഷേധിക്കുന്ന കാഴ്ച. മഹാരാഷ്ട്രയിലെ കോലാപുരിൽ നന്ദിനി ജൈനമഠത്തിലെ ആന, മാധുരി എന്ന മഹാദേവിയെ ഗുജറാത്തിലേക്ക് കൊണ്ടുപോയതാണ് പ്രതിഷേധ കാരണം. മൗനജാഥയായി കളക്ട്രേറ്റിലേക്ക് നടന്ന അവരുടെ പ്രതിഷേധം ഇപ്പോൾ ആനയോളം വലുതായിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി നന്ദിനിയിലെ ശ്രീ പട്ടാചാര്യ മഹാസ്വാമി ജൈനമഠത്തിലുണ്ടായിരുന്ന മാധുരിയെ ജാംനഗർ ജില്ലയിലെ മുകേഷ് അംബാനിയുടെ മകൻ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള വന്യജീവി രക്ഷാസങ്കേതമായ വന്താരയിലേക്കാണ് കൊണ്ടുപോയത്. പുനരധിവാസത്തിന് വേണ്ടി നടത്തിയ നിയമയുദ്ധത്തിലൂടെയായിരുന്നു ഈ നീക്കം.

മാധുരിയെ തിരികെ കൊണ്ടുവരാനുള്ള അപൂർവ പ്രതിഷേധം പക്ഷേ സർക്കാരിന് വലിയ തലവേദനയായി. മൗനജാഥ നന്ദിനിയിൽ നിന്ന് ആരംഭിച്ച് കലക്ട്രേറ്റിന് മുന്നിൽ അവസാനിച്ചു. ആനയെ തിരികെ കൊണ്ടുവരാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ എംപിമാരെ സമീപിച്ചതായി സമരത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു. ജില്ലാ അധികൃതർക്ക് മെമ്മോറാണ്ടവും നൽകി. ആനയെ നന്ദിനിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ സഹകരിക്കുമെന്ന് വന്താര ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി ആരോഗ്യമന്ത്രിയും വ്യക്തമാക്കി. കോലാപ്പൂരിലെ ജനം ആനയെ തിരികെ കൊണ്ടുവരുമെന്നാണ് കോൺഗ്രസ് എം‌എൽ‌സി സതേജ് പാട്ടീൽ പ്രതികരിച്ചത്.

madhuri elephant
ഹൈദരാബാദിൽ സ്വന്തം രോഗിയെ വിവാഹം ചെയ്ത വനിതാ സൈക്കോളജിസ്റ്റ് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കി

1992 ൽ മൂന്ന് വയസ്സുള്ളപ്പോൾ കർണാടകയിൽ നിന്ന് കോലാപ്പൂർ മഠത്തിലേക്ക് വന്ന ആന നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. ആനയെ കൊണ്ടുപോയ അംബാനിയുടെ മകനോടുള്ള പ്രതിഷേധസൂചകമായി സത്താറ, സംഗ്ലി മേഖലയിലെ ഒന്നര ലക്ഷത്തോളം ജനങ്ങൾ ജിയോ കണക്ഷനുകൾ ഒഴിവാക്കി. ആനയെ മഠത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തിലധികം പേര് ഒപ്പിട്ട അപേക്ഷ, രാഷ്ട്രപതിക്കും അയച്ചു.

ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെറ്റ എന്ന സംഘടനയുടെ ഹർജിയിൽ ജൂലൈ 16ന് ബോംബെ ഹൈക്കോടതിയാണ് ആനയെ മാറ്റാൻ അനുമതി നൽകിയത്. സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി ഇത് പിന്തുണച്ചു. ജൂലൈ 25നാണ് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവെച്ചത്.

എന്നാൽ ജനരോഷം കൂടിയതോടെ സർക്കാരിന് പ്രതിഷേധക്കാരെ തള്ളാനോ അംബാനിയെ കൊള്ളാനോ പറ്റാത്ത അവസ്ഥയായി. വന്താരയിൽ നിന്ന് മാധുരിയെ കോലാപൂരിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും വ്യക്തമാക്കി.

madhuri elephant
ബെസ്റ്റ് മമ്മി, മാതൃസ്നേഹത്തിൻ്റെ വറ്റാത്ത ഉറവ; 22 മാസം കൊണ്ട് ദാനം ചെയ്തത് 300.17 ലിറ്റർ മുലപ്പാൽ!

സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാനാണ് സർക്കാരും നന്ദിനി മഠവും പദ്ധതിയിടുന്നത്. നന്ദിനി മഠത്തിന്റെ പാരമ്പര്യവും മാധുരിയുമായുള്ള പ്രദേശവാസികളുടെ വൈകാരിക ബന്ധവും കണക്കിലെടുത്ത്, ആനയുടെ ക്ഷേമം ഉറപ്പാക്കാൻ വെറ്ററിനറി വിദഗ്ധർ ഉൾപ്പെടെ വിദ​ഗ്ദ്ധ സംഘത്തെ രൂപീകരിക്കുമെന്നും ഫഡ്നവിസ് പറഞ്ഞു. ആനയെ മാറ്റി പാർപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ ജനങ്ങൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കാനും സർക്കാർ തീരുമാനിച്ചു. ഏതായാലും ആനയുടെ തിരിച്ചുവരവിനായി കോലാപൂർ നന്ദിനി ഗ്രാമം കാത്തിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com