ബിഹാറിലെ പരിഷ്കരിച്ച വോട്ടർ പട്ടികയില്‍ നിന്നും നീക്കിയവരുടെ പേരുവിവരങ്ങള്‍, അവരെ നീക്കിയതിന്റെ കാരണം സഹിതം മൂന്ന് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. മരിച്ചവർ പട്ടികയില്‍ ഇടംപിടിക്കുകയും ജീവിച്ചിരിക്കുന്നവർ പുറത്താകുകയും ചെയ്യുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് ബലം പകരുന്ന നിരവധി ചോദ്യങ്ങള്‍ ബിഹാർ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ എതിർത്തുകൊണ്ടുള്ള ഹർജി പരിഗണിച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുന്നുണ്ട്.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരിൽ 22 ലക്ഷം പേർ മരിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളതായി ഹർജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഈ 22 ലക്ഷം പേർ മരിച്ചതായി കണ്ടെത്തിയെങ്കില്‍ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തിക്കൂടായെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം. മരിച്ചവർ, പ്രവാസികള്‍, ഇരട്ട വോട്ടർമാർ എന്നിവരുടെ വിവരങ്ങള്‍ പബ്ലിക് ഡൊമെയ്നില്‍ ലഭ്യമാക്കിയാല്‍ പല ആഖ്യാനങ്ങളും ഒഴിവാകുമെന്നും കോടതി അറിയിച്ചു. എന്താണ് ഈ ആഖ്യാനങ്ങള്‍. അത് സമാകാലീന രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി തുറന്നുവിട്ട 'വോട്ട് കൊള്ള' എന്ന ദുർഭൂതം തന്നെ.
ഭരണകക്ഷിയായ ബിജെപിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചേർന്ന് പ്രവർത്തിക്കുന്നുവെന്നും വോട്ടർപട്ടികയില്‍ കൃത്രിമം നടക്കുന്നതുമായാണ് രാഹുല്‍ തെളിവുകള്‍ സഹിതം ജനങ്ങളെ അറിയിച്ചത്. ഈ കണ്ടെത്തലിനെ 'ആറ്റം ബോംബ്' എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്. അക്ഷരാർഥത്തില്‍ അത് ശരിയാണ് താനും. അത് ചെന്നു പതിച്ചത് സ്വതന്ത്ര സംവിധാനം എന്ന് ജനങ്ങള്‍ പൂർണമായി വിശ്വസിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ തന്നെയാണ്.
തെരഞ്ഞെടുപ്പ് അട്ടമറിക്കപ്പെടുന്നുവെന്ന് മുന്‍പും കോണ്‍ഗ്രസ് ആരോപിച്ചുട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് കേവലം ആരോപണത്തില്‍ ഒതുങ്ങിയില്ല. കൃത്യമായ തെളിവുകള്‍ സഹിതമാണ് രാഹുല്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലമാണ് കോണ്‍ഗ്രസിനെയും അതിന്റെ കേന്ദ്രമായ രാഹുല്‍ ഗാന്ധിയേയും ഇരുത്തി ചിന്തിപ്പിച്ചത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും രണ്ട് തരത്തിലായിരുന്നു സംസ്ഥാനത്തെ ട്രെന്‍ഡ്. മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായതിനേക്കാള്‍ വോട്ടര്‍മാരുടെ വര്‍ധന അഞ്ച് മാസത്തിനിടെ ഉണ്ടായത് സംശയമുണര്‍ത്തി. മാത്രമല്ല, അഞ്ച് മണിക്കുശേഷം, പോളിങ് ശതമാനം കുതിച്ചുയര്‍ന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാ വികാസ് അഘാഡി സഖ്യത്തിനായിരുന്നു ജയം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേർ വിപരീതവും. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയില്‍ ഒരു കോടി പുതിയ വോട്ടര്‍മാരുണ്ടായിയെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ഈ ഒരു വോട്ടർമാർ ആരൊക്കെയാണ്? അതറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് ഇസി ഡിജിറ്റല്‍ വോട്ടർ പട്ടിക നല്‍കിയില്ലെന്നാണ് ലോക്‌സഭാ പ്രതിപക്ഷാ നേതാവിന്റെ ആരോപണം. ഇവിടെയാണ് സുപ്രീം കോടതി ബിഹാർ വോട്ടർ പട്ടികാ പരിഷ്കരണത്തെ ചോദ്യം ചെയ്തുള്ള ഹർജികള്‍ കേട്ട സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഉപദേശത്തിന്റെ പ്രസക്തി; ആ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൂടേ, ആഖ്യാനങ്ങള്‍ ഒഴിവാക്കാമല്ലോ?
സുതാര്യത എന്ന വാക്ക് രാഷ്ട്രീയ പാർട്ടികള്‍ മാത്രമല്ല, ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഏതൊരു സംവിധാനവും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കണം. രേഖകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും തിരയാനും സാധിക്കുന്ന വിധത്തില്‍ അവർക്ക് ലഭ്യമാക്കണം. ഇവിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെടുന്നുവെന്നാണ് അക്കമിട്ട് നിരത്തി സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് സൂചിപ്പിക്കുന്നത്.
സുപ്രീം കോടതി ഇടക്കാല ഉത്തരവ് പ്രകാരം, ബിഹാറിലെ ബിഎൽഒമാരിൽ നിന്നും ജില്ലാ ഇലക്ഷൻ ഓഫീസർമാരിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ടുകൾ ശേഖരിച്ച് സംയോജിത സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കണം. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് തിരയാന്‍ സാധിക്കുന്ന വിധത്തിലാകണം. അങ്ങനെയെങ്കില്‍ രാഹുലിനും സംഘത്തിനും ആറ് മാസം പതിനായിരക്കണക്കിന് പേപ്പറുകളുമായി മല്ലിടേണ്ടി വരില്ല. ഏതൊരു സമ്മതിദായകനും തങ്ങള്‍ വോട്ടർ പട്ടികയിലുണ്ടോ? ബിഹാറിലെ സാഹചര്യത്തില്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടോ, അതിന്റെ കാരണം എന്താണ് എന്നൊക്കെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഈ എളുപ്പ പ്രക്രിയ ഒഴിവാക്കുക എന്നത് ഒരു തരത്തില്‍ ഭരണപ്രക്രിയയില്‍ നിന്ന് ജനങ്ങളെ ഒഴിവാക്കുന്നതിന് തുല്യമാണ്. ഇത്തരത്തില്‍ വോട്ടർ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍, ജീവിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ മരിച്ചവരാകാതെ ചിലർക്കെങ്കിലും ഉയിർത്തെഴുന്നേല്‍ക്കാം. തങ്ങളുടെ സമ്മതിദാന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനെ ചോദ്യംചെയ്യാം.
ഇന്ന് സുപ്രീം കോടതി ചോദിച്ച മറ്റൊരു ചോദ്യവും പ്രസക്തമാണ്. വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ചത്? രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ യുക്തിപരമാകണമെന്ന കോടതിയുടെ നിരീക്ഷണം പോളിങ് ബോഡി സ്വയം വിമർശനപരമായി ഏറ്റെടുക്കേണ്ട ഒന്നാണ്. എങ്കില്‍ മാത്രമേ പരിഷ്‌കരണങ്ങള്‍ പൗരന്മാർക്ക് ആശ്വാസമാകുന്ന നടപടികളാകുകയുള്ളൂ.
ഇനി ആ മില്യണ്‍ ഡോളർ വാക്കിലേക്ക് തന്നെ തിരിച്ചെത്താം, സുതാര്യത. രാജ്യത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് തങ്ങളുടെ നടത്തിപ്പില്‍ ക്രമക്കേടുകളുണ്ടെന്ന് തെളിവുകള്‍ സഹിതം ആരോപണം ഉന്നയിക്കുന്നു. അതില്‍, പ്രകോപിതരാകാതെ അദ്ദേഹവുമായി സംവാദത്തിലേർപ്പെടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലൊരു സംവിധാനം ചെയ്യേണ്ടത്. അല്ലാതെ "ദിവസേനയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൊന്ന്" എന്ന് പറഞ്ഞ് തള്ളുകയല്ല. സത്യവാങ്‌മൂലം ആവശ്യപ്പെട്ട് വെല്ലുവിളിക്കുകയല്ല. അത് ഭരിക്കുന്ന പാർട്ടിയുടെ സ്വരമാണ്. അല്ലാതെ ഒരു സ്വതന്ത്ര സംവിധാനത്തിനേറ്തല്ല. പൊതുസംവാദം ജനാധിപത്യത്തെ എത്ര മനോഹരമാക്കുമെന്ന് കണ്ടുപഠിക്കാന്‍ തല്‍ക്കാലം നമുക്ക് മുന്നില്‍ ഉദാഹരണങ്ങള്‍ കമ്മിയായതിനാലാകാം ഇത്.
ബിഹാർ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം അത്യാവശ്യമാണെന്ന് പറയുന്ന തെരഞ്ഞെടുപ്പ കമ്മീഷനെതിരെയാണ് രാഹുല്‍ ഈ ആരോപണങ്ങള്‍ ഒക്കെ ഉന്നയിച്ചത്. നഗര കുടിയേറ്റം, ജനസംഖ്യാപരമായ മാറ്റങ്ങൾ, നിലവിലുള്ള പട്ടികകളുടെ കൃത്യതയെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ എന്നിവ കണക്കിലെടുത്താണ് കമ്മീഷന്‍ പരിഷ്കരണം അത്യാവശ്യമാണെന്ന് പറയുന്നത്. അതെ. പരിഷ്കരണങ്ങള്‍ അത്യാവശ്യമാണ്. പക്ഷേ അത് ജനങ്ങളെ ഇരുട്ടില്‍ നിർത്തിക്കൊണ്ടായിരിക്കരുത്. എന്താണ് നടക്കുന്നതെന്ന് അവർ അറിയണം. അതാണ് പരമോന്നത കോടതി എല്ലാ അറിയിപ്പുകളും സർവ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ യുവജനങ്ങള്‍ ഒരു ഞാണിന്മേല്‍ക്കൂടിയാണ് സഞ്ചരിക്കുന്നത്. ഒന്നു തെറ്റിയാല്‍ അവർക്ക് ഈ ജനാധിപത്യത്തിലും, തെരഞ്ഞെടുപ്പിലുമുള്ള എല്ലാ വിശ്വാസവും നഷ്ടമാകും. ഡോഗ് ബാബു', 'ഡോഗേഷ് ബാബു' എന്നീ പേരുകളിൽ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാന്‍ അപേക്ഷകൾ കുന്നുകൂടും. അവർ അരാഷ്ട്രീയ ജീവികളാകും. ആ പാപഭാരം ആരാകും ചുമക്കുക? ആ പഴിയെങ്കിലും ഏറ്റെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട് ആരെങ്കിലും മുന്നോട്ട് വരുമോ?