

ഭോപ്പാൽ: മാലിന്യക്കൂമ്പാരമായ അജ്നാർ നദി സ്വന്തം കഠിനാധ്വാനത്തിലൂടെ എട്ട് മാസം കൊണ്ട് വൃത്തിയാക്കിയെടുത്ത സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹിയെന്ന യുവാവ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മധ്യപ്രദേശിലെ ബിയോറയിലുള്ള അജ്നാർ നദിയാണ് ഈ യുവാവ് എട്ട് മാസം കൊണ്ട് വൃത്തിയാക്കിയെടുത്തത്.
എന്നാൽ പൊതുജനങ്ങൾ വീണ്ടും ഈ നദി മലിനമാക്കിയെന്നതാണ് ദുഖഃകരമായ വാർത്ത. പ്ലാസ്റ്റിക്, ഭക്ഷണ അവശിഷ്ടങ്ങൾ എന്നുവേണ്ട എല്ലാത്തരം മാലിന്യങ്ങളും നദിയിൽ തള്ളിയിരിക്കുകയാണ്.
തൻ്റെ എട്ട് മാസത്തെ കഠിനാധ്വാനം ഇങ്ങനെ പാഴായിപ്പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബിട്ടു ഇൻസ്റ്റാഗ്രാം വീഡിയോക്ക് താഴെ കുറിച്ചു. നദിയിൽ നിന്ന് മാലിന്യങ്ങൾ എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ച് നിർദേശങ്ങൾ നൽകാനും ബിട്ടു അഭ്യർഥിച്ചിട്ടുണ്ട്.
എന്നാൽ നദി വീണ്ടും വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് ബിട്ടു. പരിശ്രമം പാഴായിപോയതിൽ നിരാശ ഉണ്ടെങ്കിലും ബിട്ടു വീണ്ടും നദിയിലേക്ക് ഇറങ്ങി മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. റിപ്പബ്ലിക് ദിനമായ ജനുവരി 26-നാണ് ബിട്ടു ആദ്യമായി നദി ശുചീകരിക്കാൻ തുടങ്ങുന്നത്. പുഴ വൃത്തിയാക്കുന്നതിൻ്റെ മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
ബിട്ടുവിന്റെ ശ്രമം ഫലം കണ്ടതോടെ ബിയാവോറ നഗരസഭ ജെസിബി അടക്കമുളള യന്ത്രങ്ങൾ ഇറക്കി പുഴയിലെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ സഹായിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ വേണ്ടിയുള്ള നാടകമാണിതെന്ന് വിമര്ശിച്ച് നിരവധി പേർ രംഗത്തെത്തയിരുന്നു. ഇതിനിടെ ആനന്ദ് മഹീന്ദ്ര ബിട്ടുവിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.