

കൊൽക്കത്ത: വിമാനത്താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ആശങ്കയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ആയുധവുമായി ഒരാളെ ഇന്നലെയാണ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തെ എക്സിറ്റ് സിറ്റിൽ വെച്ച് മഞ്ഞ കുർത്ത ധരിച്ച ഒരാൾ വസ്ത്രത്തിനടിയിൽ തോക്ക് ഒളിപ്പിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇയാളെ പിന്നീട് തൃണമൂൽ വനിതാ പ്രവർത്തകർ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തു. ആയുധധാരികളായ ആളുകൾ വിമാനത്താവള പരിസരത്ത് എത്തിയത് ഗൗരവതരമായ സുരക്ഷാ വീഴ്ചയാണ്. തന്നെ വധിക്കാനുള്ള ഗൂഢാലോചനയാണോ ഇതിനു പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
ചിലർ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നതിൻ്റെ തെളിവാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതേസമയം ആയുധവുമായി പിടിയിലായ ആൾ ബിജെപി അനുഭാവിയാണെന്നും, തൃണമൂൽ പ്രവർത്തകരെ ആക്രമിക്കാനും അഭിഷേക് ബാനർജിയെ വധിക്കാനുമുള്ള സംസ്ഥാന സർക്കാർ പിന്തുണയോടെയുള്ള ശ്രമമാണ് നടന്നതെന്നും തൃണമൂൽ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ ആരോപണം ബിജെപി തള്ളി.