കൊൽകത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി പ്രാബല്യത്തിലെത്തിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല. ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.
ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.