

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിൽ എല്ലാ പോളിങ് ബൂത്തുകളിലും റീപോളിങ്ങിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. മേയ് 21ന് മണ്ഡലത്തിലെ 285 പോളിങ് സ്‌റ്റേഷനുകളിലും റീപോളിങ് നടക്കും. 24ന് വോട്ടെണ്ണൽ നടക്കും. ഇതോടെ നാളെ നടക്കുന്ന വോട്ടെണ്ണലിൽ പശ്ചിമ ബംഗാളിലെ 293 സീറ്റുകളിലാണ് ഫലമറിയാനാകുക.
ഏപ്രിൽ 29ന് തെരഞ്ഞെടുപ്പ് നടന്ന ഈ ബൂത്തുകളിൽ വ്യാപകമായ ക്രമക്കേട് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ സംഘർഷമുണ്ടായ മേഖലയാണ് ഫൽത. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന മണ്ഡലത്തിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ഇന്നലെ റീപോളിങ് പൂർത്തിയായിരുന്നു. വോട്ടെടുപ്പിനിടെ ഇന്നലെയും പലയിടത്തും സംഘർഷമുണ്ടായി. മഗ്രാഹട്ട് പശ്ചിം മണ്ഡലത്തിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ് നടന്നത്.
അതേസമയം, തൃണമൂൽ കോൺഗ്രസിന് ഇന്നലെ സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ടിരുന്നു. വോട്ടെണ്ണൽ നിരീക്ഷകരായി കേന്ദ്ര ജീവനക്കാരെ നിയോഗിക്കരുത് എന്ന ബംഗാൾ സർക്കാരിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി നിയമ വിരുദ്ധമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.